പനാജി (ഗോവ): ബിജെപി നേതാവും ചലച്ചിത്ര താരവുമായ സോണാലി ഫോഗട്ടിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കസ്‌റ്റഡിയില്‍ വിട്ടു. കേസില്‍ അറസ്‌റ്റിലായ ഫോഗട്ടിന്‍റെ സഹായി സുഖ്‌വീന്ദർ സിംഗ്, പിഎ സുധീർ സാഗ്‌വാന്‍ എന്നിവരെയാണ് ഗോവയിലെ മപുസ ടൗണിലെ കോടതി പൊലീസ് കസ്‌റ്റഡിയില്‍ വിട്ടത്. അറസ്‌റ്റിലായ രണ്ടുപേരെയും കോടതി പത്ത് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയിൽ വിട്ടതായി അഞ്‌ജുന പൊലീസും അറിയിച്ചു.
അതേസമയം, സോണാലി വധക്കേസില്‍ പ്രതികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയെന്നാരോപിച്ച് നോർത്ത് ഗോവ റെസ്‌റ്റോറന്‍റ് ഉടമയെയും, ഇടപാടുകാരനെയും ഗോവ പൊലീസ് ശനിയാഴ്‌ച (27.08.2022) കസ്‌റ്റഡിയിലെടുത്തതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അഞ്‌ജുനയിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയെന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയതിനെ തുടർന്നാണ് ഇടപാടുകാരന്‍ ദത്തപ്രസാദ് ഗാവോങ്കറിനെ കസ്‌റ്റഡിയിലെടുത്തതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സോണാലി താമസിച്ചിരുന്ന കുർലീസ് റെസ്‌റ്റോറന്‍റിന്‍റെ ഉടമ എഡ്വിൻ നൂൺസാണ് പൊലീസ് കസ്‌റ്റഡിയിലെടുത്ത മറ്റൊരാൾ.
ഓഗസ്‌റ്റ് 23 ന് രാവിലെ നോർത്ത് ഗോവ ജില്ലയിലെ അഞ്‌ജുനയിലുള്ള സെന്‍റ് ആന്‍റണി ഹോസ്‌പിറ്റലില്‍ വച്ചാണ് സോണാലി (42) മരിക്കുന്നത്. ഓഗസ്‌റ്റ് 22 ന് ഹരിയാനയിൽ നിന്ന് ഗോവയിലേക്ക് തിരിച്ച ജനപ്രിയ ടിക് ടോക്ക് താരം കൂടിയായ സോണാലിക്കൊപ്പം സുഖ്‌വീന്ദറും, സുധീറുമുണ്ടായിരുന്നു. ഓഗസ്റ്റ് 22നും 23നും ഇടയ്‌ക്കുള്ള രാത്രിയിൽ കുർലീസ് റെസ്‌റ്റോറന്‍റിൽ പാർട്ടി നടത്തുന്നതിനിടെ സുഖ്‌വീന്ദറും, സുധീറും സോണാലിയെ വെള്ളത്തിൽ വിഷാംശം കലർത്തി കുടിക്കാൻ നിർബന്ധിച്ചതായും പൊലീസ് വെള്ളിയാഴ്‌ച (26.08.2022) അറിയിച്ചിരുന്നു. സോണാലിയുടെ സഹോദരന്‍റെ പരാതിയില്‍ അറസ്‌റ്റിലായ ഈ രണ്ടുപേര്‍ക്കെതിരെയും പൊലീസ് കൊലപാതകക്കുറ്റവും ചുമത്തിയിരുന്നു. സോണാലിയെ കൊലപ്പെടുത്തിയതിന് പിന്നിലെ ലക്ഷ്യം സാമ്പത്തിക താൽപ്പര്യമാകാമെന്നാണ് പൊലീസ് നിഗമനം.