ന്യൂഡല്‍ഹി: മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ അമ്മയെ സൂചികൊണ്ട് കുത്തിക്കൊലപ്പെടുത്തി. ഡൽഹിയിലെ കെഎൻ കട്‌ജു പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രോഹിണി സെക്‌ടർ 15ലാണ് സംഭവം. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും വിരമിച്ച സത്വന്ത് കൗറാണ് (64) മരിച്ചത്. സംഭവത്തില്‍ ഇവരുടെ മകന്‍ റിങ്കു ഡിയോളിനെ പൊലീസ് പിടികൂടി.
ഇന്നലെ (07 ജൂലൈ) വൈകുന്നേരത്തോടെയാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയായ റിങ്കുവും അമ്മയും തമ്മിലുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കൊലപാതക ശേഷം റിങ്കു തന്നെയാണ് ഈ വിവരം പൊലീസിനെ അറിയിച്ചതും. വിവരം അറിഞ്ഞയുടന്‍ അവിടേക്ക് എത്തിയ പൊലീസാണ് സത്വന്ത് കൗറിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് വേണ്ടി ആശുപത്രിയിലെത്തിച്ചത്. പിന്നാലെ റിങ്കുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു.
സൂചി ഉപയോഗിച്ച് ഒന്നിലധികം പ്രാവശ്യം റിങ്കു അമ്മയെ ആക്രമിച്ചിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയായ റിങ്കു ഡിയോള്‍ ബി ടെക്ക് ബിരുദധാരിയാണെന്നും ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യമുണ്ടെന്നും ജില്ല ഡിസിപി ഗുരിക്ബാൽ സിങ് സിദ്ദു പറഞ്ഞു.
മകന്‍ വയോധികയെ വെട്ടിക്കൊന്നു: കൊച്ചി ചമ്പക്കരയില്‍ വയോധികയെ മകന്‍ വെട്ടിക്കൊന്നു. ചമ്പക്കര സ്വദേശിനി അച്ചാമ്മയാണ് (75) മരിച്ചത്. മകൻ വിനോദ് എബ്രഹാമിനെ പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ ജൂലൈ ആറിനായിരുന്നു സംഭവം.
ചമ്പക്കരയില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ വച്ചായിരുന്നു കൊലപാതകം. സംഭവ ദിവസം ഫ്ലാറ്റിനുള്ളില്‍ നിന്നും അച്ചാമ്മയുടെ നിലവിളി കേട്ട് സമീപ താമസക്കാര്‍ എത്തിയെങ്കിലും വാതില്‍ അകത്ത് നിന്നും പൂട്ടിയിട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ഇവര്‍ വിവരം പൊലീസില്‍ അറിയിച്ചു.
ഫ്ലാറ്റിലേക്കെത്തിയ പൊലീസ് ആദ്യം വാതില്‍ മുട്ടി വിളിച്ച് തുറക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മറുപടിയൊന്നും ലഭിക്കാതെ വന്നതോടെ വാതില്‍ പൊളിച്ചാണ് സംഘം ഫ്ലാറ്റിനുള്ളിലേക്ക് കയറിയത്. മുറിക്കുള്ളില്‍ കയറിയ പൊലീസ് മാരകമായി പരിക്കേറ്റ വയോധികയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവര്‍ അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
അച്ചാമ്മയും മകനും മാത്രമായിരുന്നു ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. ഇവരുടെ മകള്‍ വിദേശത്താണ്. സംഭവത്തില്‍ പ്രതിയായ മകന്‍ വിനോദ് എബ്രഹാം മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കൃത്യം നടന്ന ശേഷം സംഭവസ്ഥലത്തേക്കെത്തിയ പൊലീസ് ബലപ്രയോഗത്തിലൂടെ ആയിരുന്നു പ്രതിയെ പിടികൂടിയത്.
പൊലീസ് ഫ്ലാറ്റിലെത്തിയപ്പോള്‍ ഇയാള്‍ അച്ചാമ്മയ്‌ക്ക് അരികില്‍ കത്തിയുമായി ഇരിക്കുകയായിരുന്നു. വാതില്‍ തകര്‍ത്ത് പൊലീസ് ഉള്ളിലേക്ക് പ്രവേശിച്ചതോടെ ഇയാള്‍ കൂടുതല്‍ അക്രമാസക്തനായി. ജനല്‍ച്ചില്ലുകള്‍ ഉള്‍പ്പടെ അടിച്ചുതകര്‍ത്ത ഇയാളെ പിടികൂടിയ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൊലപതാകം നടക്കുന്നതിന് മുന്‍പ് ഇവരുടെ ഫ്ലാറ്റില്‍ നിന്നും ബഹളം കേട്ടിരുന്നുവെന്ന് സമീപത്തെ താമസക്കാര്‍ പറഞ്ഞു. ഈ വിവരം ഇവര്‍ പൊലീസിനെ അറിയിക്കുകയും ചെയ്‌തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസിനോട് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്.
Also Read : CRIME | ഭാര്യയെയും കുഞ്ഞിനെയും തീക്കൊളുത്തി കൊന്ന് സൈനികന്‍ ; 8 വയസുകാരി ചികിത്സയില്‍