റായ്‌ഗഡ് (ഛത്തീസ്‌ഗഡ്) : സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ ലീന നാഗ്‌വന്‍ഷിയെ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. 22 കാരിയായ സോഷ്യല്‍ മീഡിയ താരത്തെ ഛത്തീസ്‌ഗഡിലെ റായ്‌ഗഡ് ജില്ലയിലുള്ള വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി ചക്രധർ നഗർ സബ് ഇൻസ്പെക്‌ടർ ഇംഗേശ്വർ യാദവ് പറഞ്ഞു.
സംഭവ സമയത്ത് വീട്ടില്‍ ലീന തനിച്ചായിരുന്നു. മാര്‍ക്കറ്റില്‍ പോയി മടങ്ങിയെത്തിയ ലീനയുടെ അമ്മയാണ് അവളെ മരിച്ച നിലയില്‍ കണ്ടത്. ലീനയെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് അമ്മ വീടിനുള്ളിലും സമീപത്തും തെരച്ചില്‍ നടത്തിയപ്പോഴാണ് ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്തുനിന്നും ആത്‌മഹത്യ കുറിപ്പൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.
ലീനയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നും സബ് ഇൻസ്പെക്‌ടർ ഇംഗേശ്വർ യാദവ് പറഞ്ഞു. റായ്‌ഗഡിലെ കേലോ വിഹാർ കോളനിയിലായിരുന്നു രണ്ടാം വർഷ ബികോം വിദ്യാര്‍ഥിയായ ലീന താമസിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ലീനയ്ക്ക് ഇൻസ്റ്റഗ്രാമിൽ പതിനായിരത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.
ഷോര്‍ട്‌സ് വീഡിയോകളും റീല്‍ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് ലീന താരമായത്. ഡിസംബർ 25 ന് താരം ഒരു ക്രിസ്‌മസ് റീലും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
ലീനക്ക് മുന്നേ തുനിഷ ശര്‍മ : ഡിസംബര്‍ 24നാണ് ഹിന്ദി സീരിയല്‍ താരം തുനിഷ ശര്‍മയെ സീരിയല്‍ സെറ്റില്‍ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സുഹൃത്തും സഹനടനുമായ ഷീസന്‍ ഖാനെ ആത്‌മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തിരുന്നു. നടനും തുനിഷയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിലെ തകര്‍ച്ചയാണ് ആത്‌മഹത്യയിലേക്ക് നയിച്ചത് എന്നും പൊലീസ് പറഞ്ഞു. മുമ്പ് നടി വിഷാദ രോഗത്തിന് ചികിത്സ തേടിയിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 306-ാം വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. ശ്രദ്ധ വാക്കര്‍ കൊലപാതകത്തിനുശേഷം രാജ്യത്തുണ്ടായ ചില തെറ്റായ പ്രചാരണങ്ങളില്‍ താന്‍ അസ്വസ്ഥനായിരുന്നുവെന്നും ഇതാണ് തുനിഷയുമായുള്ള ബന്ധം പിരിയാൻ ഇടയാക്കിയതെന്നും ഷീസൻ ഖാന്‍ മുംബൈ പൊലീസിന് മൊഴി നല്‍കി. പ്രായവ്യത്യാസവും വ്യത്യസ്‌ത സമുദായത്തിൽ പെട്ടവരെന്ന കാരണവും കൂടി തങ്ങൾക്ക് മുമ്പില്‍ തടസമായി ഉണ്ടായിരുന്നു.
മുമ്പും തങ്ങള്‍ വേര്‍പിരിഞ്ഞിരുന്നുവെന്നും അതിന് പിന്നാലെ തുനിഷ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും ആ സമയത്ത് താൻ തന്നെയാണ് അവളുടെ ജീവന്‍ രക്ഷിച്ചത് എന്നും ഷീസന്‍ ഖാന്‍ മൊഴി നല്‍കി. സംഭവത്തിന് ശേഷം തുനിഷയുടെ അമ്മയോട് അവളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് താന്‍ പറഞ്ഞിരുന്നെന്നും ഷീസൻ ഖാന്‍ പറഞ്ഞതായി മുംബൈ പൊലീസ് അറിയിച്ചു. ഷൂട്ടിങ് സെറ്റില്‍, ശുചിമുറിയില്‍ കയറി ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പുവരെ തുനിഷ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. 'Those who are driven by their Passion don't stop' എന്ന കുറിപ്പോടെ താരം തന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഭാരത് കാ വീർ പുത്ര - മഹാറാണ പ്രതാപ് എന്ന ചിത്രത്തിലൂടെ തന്‍റെ അഭിനയ ജീവിതം ആരംഭിച്ച തുനിഷ പിന്നീട് ചക്രവർത്തി അശോക സാമ്രാട്ട്, ഗബ്ബർ പൂഞ്ച്‌വാല, ഷേർ - ഇ-പഞ്ചാബ്: മഹാരാജ രഞ്ജിത് സിങ്, ഇന്‍റർനെറ്റ് വാലാലവ്, ഇഷ്ഖ് സുബ്ഹാൻ അല്ലാഹ് തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചു.
കൂടാതെ ഫിത്തൂർ, ബാർ ബാർ ദേഖോ, കഹാനി 2: ദുർഗാ റാണി സിങ്, ദബാംഗ് 3 തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. പ്യാർ ഹോ ജായേഗ, നൈനോൻ കാ യേ റോണ, തു ബൈഠേ മേരേ സാംനേ തുടങ്ങിയ നിരവധി സംഗീത വീഡിയോകളിലും നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.