ഹൈദരാബാദ് : എതിരാളിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ പ്രതികരിക്കുക എന്നത് സാധ്യമായ കാര്യം. എന്നാൽ അതേ വ്യക്തിയുടെ വായടപ്പിക്കുന്ന തരത്തിൽ പ്രതികരിക്കുക എന്നത് അത്രയെളുപ്പമല്ല. അത്തരത്തിൽ ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ ആദ്യ സെക്രട്ടറിയായ സ്നേഹ ദുബെ, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ മൂർച്ചയേറിയ ഭാഷയിൽ മറുപടി നൽകി ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.
ദുബെയുടെ ചടുലമായ ഭാഷാപ്രയോഗവും വാക്കുകളുടെ സ്‌ഫുടതയും സഭയെ ഒന്നടങ്കം നിശബ്‌ദമാക്കി. പ്രസംഗം പുറത്തുവന്ന് മണിക്കൂറുകൾക്കകം വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. നിരവധിപേരാണ് യു.എന്നിലെ ഇന്ത്യൻ സെക്രട്ടറിയുടെ വീഡിയോ പങ്കുവച്ചത്. കശ്‌മീർ വിഷയങ്ങളിൽ ഇന്ത്യയ്‌ക്കെതിരെ വിമർശനങ്ങളുന്നയിച്ച പാക് പ്രധാനമന്ത്രിക്ക് തന്‍റെ 'പ്രതികരിക്കാനുള്ള അവകാശം' വിനിയോഗിച്ചുതന്നെ ദുബെ ചുട്ടമറുപടി നൽകുകയായിരുന്നു.
എല്ലാവർക്കും അറിയണം, ആരാണ് സ്‌നേഹ ദുബെ ?
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ആരോപണങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകുന്ന സ്‌നേഹയുടെ വീഡിയോ വൈറലായതിന് പിന്നാലെ എല്ലാവരും ഒരുപോലെ തിരയുന്നത് ഈ പെൺകരുത്തിനെയാണ്. 2012 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയാണ് സ്നേഹ ദുബെ. ഗോവയിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദുബെ, പൂനെയിലെ ഫെർഗൂസൺ കോളജിൽ ഉന്നത വിദ്യാഭ്യാസം നേടി. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ സ്കൂൾ ഓഫ് ഇന്‍റർനാഷണൽ സ്റ്റഡീസിൽ നിന്ന് എംഫിൽ പൂർത്തിയാക്കിയിട്ടുമുണ്ട്.
ALSO READ: 'പാകിസ്ഥാന്‍ ഭീകരവാദത്തെ മഹത്വവത്കരിച്ച രാജ്യം': യു.എന്നില്‍ ഇന്ത്യ
12-ാം വയസുമുതലുള്ള സ്‌നേഹയുടെ സ്വപ്‌നമാണ് ഇന്ത്യൻ ഫോറിൻ സർവീസിൽ ചേരുക എന്നത്. 2011ൽ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസിൽ മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്‌തു. ബഹുരാഷ്‌ട്ര കമ്പനിയിലെ ജീവനക്കാരനായ അച്ഛന്‍റെയും അധ്യാപികയായ അമ്മയുടെയും കുടുംബത്തിലെ ആദ്യ സർക്കാർ ഉദ്യോഗസ്ഥയുമാണ് സ്‌നേഹ.
ഐഎഫ്എസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്‌നേഹയുടെ ആദ്യ നിയമനം വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം മാഡ്രിഡിലെ ഇന്ത്യൻ എംബസിയില്‍ നിയമിതയായി. ഒടുവില്‍ യുഎന്നിലെ ആദ്യ ഇന്ത്യൻ സെക്രട്ടറിയുമായി.