ന്യൂഡല്‍ഹി : പതിനായിരം രൂപയ്‌ക്ക് മുകളിലുള്ള 4ജി മൊബൈല്‍ ഫോണുകളുടെ ഉത്പാദനം ക്രമേണ അവസാനിപ്പിക്കുമെന്ന് രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉത്പാദന കമ്പനികളുടെ പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചു. അതായത് പതിനായിരത്തിനും അതിന് മുകളിലും വിലയുള്ള മൊബൈല്‍ ഫോണുകള്‍ 5ജി സാങ്കേതിക വിദ്യയിലായിരിക്കും.ടെലികോം മന്ത്രാലയത്തിലേയും ഐടി മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയിലാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.
ചര്‍ച്ചയില്‍ ടെലികോം സര്‍വീസ് കമ്പനികളുടെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ടെലികോം സര്‍വീസ് കമ്പനികളുടെ 5ജി സേവനങ്ങള്‍ 5ജി സ്‌മാര്‍ട്ട്ഫോണുമായി സമന്വയിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തെ കാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
ഇന്ത്യയില്‍ 10 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ ഫോണുകള്‍ 5ജിയാണെന്ന് മൊബൈല്‍ ഫോണ്‍ നിര്‍മാണ പ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍ രാജ്യത്തെ 35കോടി ഉപഭോക്താക്കളുടെ ഫോണുകള്‍ 3ജി-4ജിയാണെന്നും ഇവര്‍ വ്യക്തമാക്കി. 5ജി സേവനം സുഗമമായി ലഭ്യമാക്കുന്നതിനായി ടെലികോം സേവന കമ്പനികളും സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാണ കമ്പനികളും തമ്മിലുള്ള ഏകോപനത്തിനായാണ് യോഗം വിളിച്ചത്.
ടെലികോം സര്‍വീസ് കമ്പനികളുമായി ചേര്‍ന്നുകൊണ്ട് തങ്ങളുടെ മൊബൈല്‍ ഫോണ്‍ 5ജിയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് സംബന്ധിച്ച് ട്രയല്‍ നടത്തുമെന്ന് മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനികള്‍ വ്യക്തമാക്കി. 10 കോടി ഉപഭോക്താക്കളുടെ കൈയില്‍ 5ജി റെഡി ഫോണുകള്‍ ഉണ്ടെങ്കിലും ഇവയില്‍ ആപ്പിളിന്‍റേതടക്കമുള്ള പല ഫോണുകളും ഇന്ത്യയിലെ 5ജി നെറ്റ്‌വര്‍ക്കുകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നില്ല. ട്രയലിലൂടെ എന്താണ് പ്രശ്‌നം എന്ന് മനസിലാക്കി ആവശ്യമായ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാണ കമ്പനികള്‍ അറിയിച്ചു.
എയര്‍ടെല്‍ എട്ട് നഗരങ്ങളിലാണ് 5ജി സേവനം ആരംഭിച്ചത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്‌പൂര്‍, വാരണാസി എന്നീ നഗരങ്ങളിലാണ് 5ജി സേവനം എയര്‍ടെല്‍ ആരംഭിച്ചത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരണാസി എന്നീ നഗരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ജിയോ 5ജി സേവനം തുടങ്ങിയത്.