ബെംഗളൂരു : ജോലിസമയത്ത് മുസ്ലിം തൊഴിലാളികള്‍ തൊപ്പി ഉപയോഗിക്കുന്നതിനെതിരെ,ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ, തീവ്ര ഹിന്ദു സംഘടനാനുനുകൂലികളായ ജീവനക്കാര്‍. ഇത് ബിഎംടിസി നിശ്ചയിച്ച യൂണിഫോം നിയമങ്ങളുടെ ലംഘനമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. മുസ്ലിം ഡ്രൈവര്‍മാരും, കണ്ടക്‌ടര്‍മാരും തൊപ്പി ഉപയോഗിക്കുന്നതില്‍ പ്രതിഷേധിച്ച് കാവി ഷാള്‍ അണിഞ്ഞാണ് ഇവര്‍ നിലവില്‍ ജോലിക്ക് ഹാജരാകുന്നത്.
ജോലി സമയങ്ങളില്‍ തൊപ്പി ഒഴിവാക്കണമെന്ന ആവശ്യം മുസ്ലിം ജീവനക്കാര്‍ വിസമ്മതിക്കുകയായിരുന്നു. ഇതോടെ, ബിഎംടിസിയിൽ കർശനമായ ഏകീകൃത നിയമങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് "കേസരി കാർമികര സംഘ" എന്ന പേരില്‍ സംഘടനയും പ്രതിഷേധക്കാര്‍ രൂപീകരിച്ചു.
1500-ഓളം പേരാണ് നിലവില്‍ പുതിയ സംഘടനയ്‌ക്ക് കീഴില്‍ പേര് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. മുസ്ലിം ജീവനക്കാര്‍ തൊഴില്‍ സമയത്ത് തൊപ്പി ഒഴിവാക്കുന്നത് വരെ കാവി ഷാള്‍ ഉപയോഗിച്ച് ഡ്യൂട്ടിക്ക് എത്താനാണ് തങ്ങളുടെ തീരുമാനം എന്ന് സംഘടനയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയിലൂടെയാണ് വിഷയത്തെക്കുറിച്ച് അറിഞ്ഞതെന്നാണ് ബിഎംടിസി വൈസ് ചെയർമാൻ എം.ആർ.വെങ്കിടേഷിന്‍റെ പ്രതികരണം.
മാധ്യമങ്ങള്‍ ഈ വിഷയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കരുതെന്ന് അഭ്യര്‍ഥിച്ച അദ്ദേഹം, ജീവനക്കാരോട് അച്ചടക്കം പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേസരി കാർമികര സംഘത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബിഎംടിസി വൈസ് ചെയർമാൻ പറഞ്ഞു.