ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട. 500 കോടി വിലയുള്ള മയക്കുമരുന്നുമായി ആറ് ശ്രീലങ്കൻ സ്വദേശികൾ കോസ്റ്റ് ഗാർഡിൻ്റെ പിടിയിൽ. നീന്ദു കുലസൂര്യ സതാമനുവൽ (40), വനകുല സൂര്യജീവൻ (30), സമീറ (32), വർണകുല സൂര്യ ജീവൻ (29), മാനുവൽ ജീവൻ പ്രസന്ന (29), നിഷാന്ത് ഗാമാജ് (37) എന്നിവരാണ് പിടിയിലായത്.
ശ്രീലങ്കൻ ബോട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. പാകിസ്ഥാനിലെ കറാച്ചിയിൽനിന്ന് ഓസ്ട്രേലിയയിലേക്ക് മയക്കുമരുന്നുമായി പോയ ഷെനായ ദുവ എന്ന ബോട്ടാണ് കോസ്റ്റ്ഗാർഡ് പിടികൂടിയത്. കന്യാകുമാരിയിൽ നിന്ന് 10 നോട്ടിക്കൽ മൈൽ (18.52 കിലോമീറ്റർ) അകലെയാണ് ശ്രീലങ്കൻ ബോട്ട് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന ആറ് ശ്രീലങ്കൻ സ്വദേശികളെയും കസ്റ്റഡിയിലെടുത്തു. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 100 കിലോ ഹെറോയിൻ, 20 പെട്ടികളിലായി സൂക്ഷിച്ച സിന്തറ്റിക് മയക്കുമരുന്ന്, അഞ്ച് തോക്കുകൾ, സാറ്റലൈറ്റ് ഫോൺ തുടങ്ങിയവയാണ് ബോട്ടിനുള്ളിൽ നിന്നും പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾക്ക് 500 കോടി രൂപ വിലയുണ്ടെന്ന് അധികൃതർ അറിയിച്ചു.