ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ ആക്ഷേപകരമായ പോസ്റ്റര്‍ പതിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് പൊലീസ് 100 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്‌തു. അറസ്റ്റിലായ പ്രതികൾക്കെതിരെ പ്രിന്‍റിങ് പ്രസ് ആക്‌ട്, പ്രോപ്പർട്ടി ആക്‌ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അറസ്റ്റിലായ ആറ് പേരില്‍ നാല് പേരെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. അതിലൊരാള്‍ പ്രിന്‍റിങ് പ്രസ് നടത്തിപ്പുകാരനാണ്. ദേശീയ തലസ്ഥാനത്തെ ആം ആദ്‌മി പാർട്ടി ഓഫിസിൽ നിന്ന് വാനില്‍ പുറത്തിറങ്ങുമ്പോഴാണ് സംഘം പിടിയിലായതെന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സിപി ദീപേന്ദ്ര പഥക് പറഞ്ഞു. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവരുടെ പക്കല്‍ നിന്ന് ഏതാനും പോസ്റ്ററുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളില്‍ നിന്ന് കണ്ടെത്തിയ പോസ്‌റ്ററുകളിലും ഡല്‍ഹിയിലെ വിവിധയിടങ്ങളിലായി പതിച്ച പോസ്‌റ്ററുകളിലും മോദി വിരുദ്ധ മുദ്രാവാക്യങ്ങളാണുള്ളതെന്നും പഥക് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പ്രധാനമന്ത്രിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഡൽഹിയിലെ വിവിധ പാർക്കുകൾ, മാർക്കറ്റുകൾ, കോളനികൾ എന്നിവിടങ്ങളിലെ ചുവരുകളിലാണ് പോസ്‌റ്റര്‍ പതിച്ചത്. പോസ്റ്ററുകൾ അച്ചടിച്ച പ്രിന്‍റിങ് പ്രസിന്‍റെ വിശദാംശങ്ങൾ പോസ്റ്ററിലില്ല. അതുകൊണ്ട് പ്രതികളെ പിടികൂടുന്നത് പൊലീസിന് ഏറെ വെല്ലുവിളിയായി. അച്ചടിച്ച പ്രസിന്‍റെ വിവരങ്ങള്‍ പോസ്റ്ററിലില്‍ ഇല്ലാത്തത് നിയമ ലംഘനമാണെന്ന് പൊലീസ് പറഞ്ഞു. ആരുടെ നിർദേശപ്രകാരമാണ് പോസ്റ്ററുകൾ പതിച്ചത്?
എന്താണ് ഉദ്ദേശ്യം തുടങ്ങിയ കാര്യങ്ങളാണ് ഡൽഹി പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. കേസില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരക്കുകയാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ നിർദ്ദേശപ്രകാരമാണോ ആക്ഷേപകരമായ പോസ്റ്ററുകൾ പതിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ പൊലീസ്. പോസ്‌റ്ററുകള്‍ക്ക് പിന്നില്‍ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളോ നേതാക്കളോ ആയിരിക്കുമെന്നാണ് പൊലീസിന്‍റെ നിഗമനം. കേസില്‍ അന്വേഷണം കൂടുതല്‍ പുരോഗമിക്കുകയാണെന്ന് സ്‌പെഷ്യൽ സിപി ദീപേന്ദ്ര പഥക് പറഞ്ഞു.
'മോദി ഹഠാവോ ദേശ് ബച്ചാവോ' പോസ്‌റ്റര്‍: പ്രധാനമന്ത്രി നരേന്ദ്ര '' മേദിയെ രാഷ്‌ട്രത്ത് നിന്ന് പുറത്താക്കൂ, ഇന്ത്യയെ രക്ഷിക്കൂ'' എന്നായിരുന്നു പോസ്റ്ററിലെ ഉള്ളടക്കം. സംഭവത്തില്‍ വ്യാപക പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയരുന്നു. കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്.
ഡല്‍ഹിയില്‍ പോസ്റ്റര്‍ പതിക്കല്‍ പതിവ്: ഡല്‍ഹിയില്‍ രാഷ്‌ട്രീയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് പോസ്റ്ററുകള്‍ പതിക്കുന്നത് സാധാരണ സംഭവം തന്നെയാണ്. രാഷ്‌ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി നഗരത്തിലെ മെട്രോ തൂണുകളും പാര്‍ക്കുകളുടെ ചുറ്റുമതിലുകളുമെല്ലാം നിറയാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇത്തരത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെടുന്നത്.
ഇതോടെയാണ് പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയത്. പോസ്റ്റര്‍ പതിച്ചത് നരേന്ദ്ര മോദി അനുകൂലികളെ ഏറെ രോഷാകുലരാക്കുകയും അതേസമയം കേസുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത് മറ്റുള്ളവരില്‍ പ്രതിഷേധം ഇരട്ടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
also read: 6 രാജ്യങ്ങളില്‍ ഭൂചലനം: 11 പേര്‍ മരിച്ചു, നൂറിലധികം പേര്‍ക്ക് പരിക്ക്