ന്യൂഡല്‍ഹി: കൊതുകു തിരി മറിഞ്ഞ് വീണ് വീടിന് തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് കൊച്ചുകുട്ടിയടക്കം ആറ് പേര്‍ ശ്വാസം മുട്ടി മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ ശാസ്‌ത്രി പാര്‍ക്കില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.
നാല് പുരുഷന്‍മാരും ഒരു സ്‌ത്രീയും ഒന്നര വയസുള്ള കുട്ടിയുമായിരുന്നു മരിച്ചത്. രാവിലെ ഒന്‍പത് മണിയോടു കൂടി മച്ചി മാര്‍ക്കറ്റ് റോഡിലെ ശാസ്‌ത്രി പാര്‍ക്കിന് സമീപമുള്ള വീടിനുള്ളില്‍ തീപിടിത്തമുണ്ടായെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ജോയി തിര്‍ക്കി പറഞ്ഞു. പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ ഒന്‍പത് പേരെ ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയിലേയ്‌ക്ക് പ്രദേശവാസികള്‍ ചേര്‍ന്ന് മാറ്റുകയായിരുന്നു.
15 വയസുള്ള പെണ്‍കുട്ടിയും 45 കാരനായ മധ്യവയസ്‌കനും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലാണ്. നിസാര പരിക്കേറ്റ 22കാരനെ ഫസ്‌റ്റ് എയ്‌ഡ് നല്‍കിയ ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ് ചെയ്‌തതായി പൊലീസ് അറിയിച്ചു. രാത്രി കത്തിച്ച് വച്ചിരുന്ന കൊതുകുതിരി കിടക്കയില്‍ മറിഞ്ഞ് വീണതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
വിഷപ്പുക ഉയര്‍ന്നതിനെതുടര്‍ന്ന് തുടർന്ന് ബോധം നഷ്‌ടപ്പെടുകയും ഒടുവിൽ ഇവര്‍ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷ സേനാംഗങ്ങള്‍ എത്തി തീയണച്ചുവെന്ന് അഗ്നിശമന വിഭാഗം അറിയിച്ചു.