ന്യൂഡല്‍ഹി: അഭയ കേസിലെ പ്രതിയായ സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന ഭരണഘടനാവിരുദ്ധമാണെന്ന് ഡൽഹി ഹൈക്കോടതി. സിബിഐ നടത്തിയ കന്യകാത്വ പരിശോധനയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് വിധി. ഇരയാണോ, പ്രതിയാണോ എന്നതൊന്നും ഇത്തരം പരിശോധന നടത്തുന്നതിന് ന്യായീകരണമല്ലെന്നും 2008ല്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി വ്യക്തമാക്കി.
ജുഡീഷ്യൽ കസ്റ്റഡിയിലായാലും പൊലീസ് കസ്റ്റഡിയിലായാലും ഒരു പ്രതിയെ അന്വേഷണത്തിനിടെ നടത്തുന്ന കന്യകാത്വ പരിശോധന ഇന്ത്യൻ ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്‍റെ ലംഘനമാണ്. ഇരയായാലും പ്രതിയായാലും സമ്മതമില്ലാതെ അത്തരം പരിശോധന നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ നിരീക്ഷിച്ചു. സിസ്റ്റർ സെഫി നൽകിയ റിട്ട് ഹർജിയില്‍ അഭിഭാഷകൻ റോമി ചാക്കോ ഹാജരായി.
മനുഷ്യാവകാശ ലംഘനത്തിന് നഷ്‌ടപരിഹാരം തേടാൻ ക്രിമിനല്‍ കേസിലെ നടപടികള്‍ പൂര്‍ത്തിയായ ശേഷം സിസ്റ്റര്‍ സെഫിക്ക് മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാമെന്നും വിധിയില്‍ പറയുന്നു. അതേസമയം സിബിഐ പരിശോധനയ്‌ക്കെതിരെ നടപടിക്ക് കോടതി ശുപാര്‍ശ ചെയ്‌തിട്ടില്ല.