ബങ്കുറ(പശ്ചിമ ബംഗാള്‍): അപകടത്തെ തുടര്‍ന്ന് ഏക അധ്യാപിക(Single Teacher) എട്ട് മാസമായി കിടപ്പിലായതിനാല്‍ സ്‌കൂള്‍(School) അടച്ചുപൂട്ടി. ബങ്കുറ ജില്ലയിലെ തല്‍ദാഗ്ര താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന സത്‌മൗലി ചാന്ദ്ബില ഹൈസ്‌കൂളാണ് അധ്യാപികയുടെ അഭാവത്തില്‍ അടച്ചുപൂട്ടിയത്. താത്‌കാലികമായി നിയമിച്ച ഏക അധ്യാപിക മാത്രമായിരുന്നു ഈ സ്‌കൂളില്‍ ഉണ്ടായിരുന്നത്.
ബങ്കുറ ജില്ലയിലെ ഭരണകുടം സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ യാതൊരു വിധ നടപടിയും സ്വീകരിച്ചില്ല. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് പഠനത്തിന്‍റെ നിലവാരം മെച്ചപ്പെടുത്താനും മുടങ്ങിയ ക്ലാസുകള്‍ പുനരാരംഭിക്കുന്നതിനുമായി പലതരം പദ്ധതികള്‍ നടപ്പിലാക്കാനൊരുങ്ങുകയാണ്. എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഒരു അപകടം സംഭവിച്ചതിനാല്‍ അധ്യാപിക കിടപ്പിലാണെന്നാണ് റിപ്പോര്‍ട്ട്.
ക്ലാസുകള്‍ നടക്കാത്തതിനാലും പരീക്ഷ സംഘടിപ്പിക്കാത്തതിനാലും സ്‌കൂള്‍ അടച്ചുപൂട്ടുകയായിരുന്നു. എന്നാല്‍, അടിയന്തരമായി സ്‌കൂളില്‍ അധ്യാപകരെ നിയമിക്കണമെന്നതാണ് വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെ ആവശ്യം. അഞ്ച് മുതല്‍ എട്ട് വരെ ക്ലാസുകളുള്ള സ്‌കൂളില്‍ ആകെ 32 വിദ്യാര്‍ഥികളായിരുന്നു ഉള്ളത്.
ഉന്നത അധികാരികളുടെ പക്കല്‍ വിഷയം അവതരിപ്പിച്ചിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ടൂഷന് പോയാണ് വിദ്യാര്‍ഥികള്‍ പഠനം തുടരുന്നത്. ഇതിന് അടിയന്തരമായി ഒരു പരിഹാരം കണ്ടില്ലെങ്കില്‍ വിദ്യാര്‍ഥികളെ ദൂരെയുള്ള സ്‌കൂളില്‍ വിട്ട് പഠിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകുമെന്നും അത് പ്രയാസകരമാണെന്നും രക്ഷിതാവായ ബനശ്രീ റുയിദാസ് പറഞ്ഞു.
ക്ലാസുകള്‍ ഉടന്‍ തന്നെ പുനരാരംഭിക്കും. സ്‌കൂളില്‍ അധ്യാപകരെ നിയമിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ജില്ലയിലെ സ്‌കൂള്‍ ഇന്‍സ്‌പെക്‌ടര്‍ പിയൂഷ്‌കാന്തി ബേറ പറഞ്ഞു.
അധ്യാപകര്‍ക്ക് ശമ്പളമില്ല, കുട്ടികള്‍ക്ക് ഉച്ചഭക്ഷണമില്ല(No Mid Day Meals And No Salary To Teachers): അതേസമയം, കാസര്‍കോട് വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണവും(Mid Day Meals) അധ്യാപകര്‍ക്ക് 11 മാസവുമായി ശമ്പളം(Salary)ലഭിക്കാതെയും ആലൂര്‍(Aloor) ഏക അധ്യാപക വിദ്യാലയം പ്രതിസന്ധിയില്‍. സംസ്ഥാനത്തെ സ്‌കൂളുകള്‍ മികവിന്‍റെ കേന്ദ്രങ്ങളാകുമ്പോള്‍ സര്‍ക്കാരിന്‍റെ അവഗണനയേറ്റുവാങ്ങുകയാണ് കാസര്‍കോട്ടെ ഈ സ്‌കൂള്‍.
എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികൾ അടക്കം എൺപതിലധികം കുട്ടികൾ പഠിച്ചിരുന്ന വിദ്യാലയമാണ് നിലവില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. തുടക്കത്തില്‍ ഒരു അധ്യാപിക മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ പോകപ്പോകെ കുട്ടികളുടെ എണ്ണം കൂടിയതോടെ ഒരു അധ്യാപികയെ കൂടി നിയമിച്ചു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ 270 ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കുകയുണ്ടായി.
ആലൂര്‍ സ്‌കൂളിനും പൂട്ടിടാന്‍ അക്കൂട്ടത്തില്‍ ഉത്തരവുണ്ടായി. സ്‌കൂള്‍ അടച്ചുപൂട്ടി വിദ്യാര്‍ഥികളെ മറ്റ് വിദ്യാലയങ്ങളിലേക്ക് മാറ്റാനായിരുന്നു വകുപ്പ് നിര്‍ദേശം. എന്നാല്‍ ആലൂര്‍ സ്‌കൂളിനെ വിട്ടുകളയാന്‍ നാട്ടുകാര്‍ ഒരുക്കമായിരുന്നില്ല, അവര്‍ ചെറുത്തുനില്‍പ്പ് ആരംഭിച്ചു. പ്രതിഷേധം കനത്തതോടെ അടച്ചുപൂട്ടേണ്ടവയുടെ പട്ടികയില്‍ നിന്ന് ഈ സ്‌കൂളിനെ സര്‍ക്കാര്‍ ഒഴിവാക്കി. നിലനിർത്താന്‍ സര്‍ക്കാര്‍ തീരുമാനമായെങ്കിലും ആനുകൂല്യങ്ങള്‍ നിന്നു.
സഹായമെത്താതായതോടെ സ്‌കൂളിന്‍റെ അവസ്ഥ പരിതാപകരമായി. സ്ഥിതി മോശമായതോടെ പല കുട്ടികളും മറ്റിടങ്ങിലേക്ക് മാറി. 11 മാസമായി ശമ്പളം കിട്ടാതെയാണ് രണ്ട് അധ്യാപകര്‍ ഇവിടെ പഠിപ്പിക്കാനെത്തുന്നത്. തങ്ങള്‍ കാരണം കുട്ടികളുടെ പഠനം മുടങ്ങരുതെന്ന് കരുതിയാണ് ഇവര്‍ സ്‌കൂളിലെത്തുന്നത്.
നിലവില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികള്‍ അടക്കം 50 പേരാണ് ഇവിടെ പഠിക്കാനെത്തുന്നത്. സ്‌കൂളിന്‍റെയും അധ്യാപകരുടെയും പ്രശ്‌നം പരിഹരിക്കാനാവശ്യമായ അടിയന്തര സര്‍ക്കാര്‍ ഇടപെടലാണ് ഇവര്‍ ആവശ്യപ്പെടുന്നത്.