അമരാവതി (മഹാരാഷ്‌ട്ര): വിധിക്കു നേരെ പുറം തിരിഞ്ഞു നില്‍ക്കാതെ പുഞ്ചിരിയോടെ മുന്നേറുകയാണ് ഡോ.രാജു തുർക്കനെ. ഒറ്റക്കാലിൽ സൈക്കിൾ ചവിട്ടി റെക്കോഡ് സൃഷ്‌ടിച്ചിരിക്കുകയാണ് ഈ ഡോക്‌ടർ. കാൻസർ ബാധിച്ചതിനെ തുടർന്ന് രാജുവിന്‍റെ ഒരു കാൽ മുറിച്ചുകളയുകയായിരുന്നു.
എന്നാൽ ജീവിതത്തിലെ പ്രതിസന്ധികളെ നോക്കി നെടുവീർപ്പിടാതെ ജീവിച്ച് കാണിക്കുകയാണ് ഡോക്‌ടർ. പൂർണ ആരോഗ്യമുള്ളവർ പോലും സൈക്കിളിൽ യാത്ര പോകാൻ മടിക്കുമ്പോൾ സൈക്കിളിൽ ഇന്ത്യ ചുറ്റുകയാണ് ഈ ഡോക്‌ടർ. ഒറ്റക്കാലിൽ ഡോക്‌ടർ ചവിട്ടിത്തീർത്തത് രണ്ട് ലക്ഷം കിലോമീറ്ററാണ്.
ഡൽഹിയിൽ നിന്ന് മുംബൈയിലേക്കും മുംബൈയിൽ നിന്ന് പൂനെയിലേക്കുമായിരുന്നു ഈ 43കാരന്‍റെ യാത്ര. രണ്ട് വർഷം മുൻപ് മുംബൈയിൽ നിന്ന് നാഗ്‌പൂരിലേക്കും സൈക്കിൾ യാത്ര നടത്തിയിട്ടുണ്ട്. സൈക്കിൾ യാത്രയോടൊപ്പം എഴുത്തും വായനയും അഭിനയവുമൊക്കെയാണ് രാജുവിന്‍റെ ഇഷ്‌ടങ്ങൾ.
ഡെന്‍റൽ മെഡിസിനിൽ ബിരുദവും പൂനെയിലെ എഫ്‌ടിഐയിൽ നിന്ന് സിനിമ ടെക്‌നോളജിയിൽ കോഴ്‌സും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. 'ഫെയ്‌ലർ ലവ് സ്‌റ്റോറി', 'സൈക്ലിങ് കിഡ' എന്നീ പുസ്‌തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. തളരാത്ത ആത്മധൈര്യമാണ് ഡോക്‌ടറെ മുന്നോട്ട് നയിക്കുന്നത്.
കാൻസർ രണ്ടാമത്തെ കാലിനെയും കാർന്ന് തിന്നുമ്പോഴും നിരാശപ്പെടാതെ ആത്മവിശ്വാസത്തോടെയുള്ള വാക്കുകൾ ഏവർക്കും പ്രചോദനമാണ്. കാൻസറിനെ അതിജീവിച്ച് ഇനിയും താൻ സൈക്കിളിൽ ഉലകം ചുറ്റുമെന്ന പ്രതീക്ഷയിലാണ് ഡോക്‌ടർ.