പട്‌ന: ഇൻഡിഗോ എയർലൈൻ ജീവനക്കാരൻ മോശമായി പെരുമാറിയെന്ന പരാതിയുമായി ബിഹാർ ഗായിക മൈഥിലി താക്കൂർ. വ്യാഴാഴ്‌ച രാവിലെ ഡൽഹിയിൽ നിന്നും പട്‌നയിലേക്ക് പോകവെ, എയർലൈൻ ജീവനക്കാരനായ തേജേന്ദർ സിങ് എന്നയാളുടെ ഭാഗത്ത് നിന്നും വളരെ മോശം പെരുമാറ്റം ഉണ്ടായെന്ന് മൈഥിലി താക്കൂർ ട്വിറ്ററിൽ കുറിച്ചു. ലഗേജുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് മൈഥിലിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.
"6E-2022 വിമാനത്തിൽ പട്‌നയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വളരെ മോശം അനുഭവത്തോടെയാണ് ദിവസം ആരംഭിച്ചത്. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലാണ് ജിഎസ് തേജേന്ദർ സിങ് പെരുമാറിയത്. വീണ്ടും ഇതേ എയർലൈനിൽ യാത്ര ചെയ്യണമോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു" മൈഥിലി ട്വിറ്ററിൽ കുറിച്ചു. സംഭവത്തിൽ ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് മുമ്പാകെ പരാതി നൽകുമെന്ന് അവർ കൂട്ടിച്ചേർത്തു.