ഉത്തരകാശി (ഉത്തരാഖണ്ഡ്): സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാൻ ഏറെ വെല്ലുവിളികൾ നിറഞ്ഞ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് (Silkyara tunnel collapse rescue operation). തകർന്ന ഭാഗത്ത് അടിഞ്ഞുകൂടിയ അവശിഷ്‌ടങ്ങൾക്ക് 2 കിലോ മീറ്റർ ദൂരത്തായാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. (Uttarkashi tunnel collapse). തൊഴിലാളികളുമായി രക്ഷാപ്രവർത്തകർക്കും കുടുംബാഗങ്ങൾക്കും ആശയവിനിമയം നടത്താനായി തുരങ്കത്തിൽ സ്ഥാപിച്ച പൈപ്പിനിടയിലായി മൈക്ക് ഘടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ 15 ദിവസമായി തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ശാരീരിക- ആരോഗ്യ സംരക്ഷണത്തിന് ഒപ്പം മാനസിക സംരക്ഷണത്തിനും സൗകര്യം ഒരുക്കിയാണ് രക്ഷദൗത്യം പുരോഗമിക്കുന്നത്. രണ്ട് സൈക്യാട്രിസ്റ്റുകൾ ഉൾപ്പെടെ അഞ്ച് ഡോക്‌ടർമാരുടെ സംഘം 24 മണിക്കൂറും രക്ഷാപ്രവർത്തകർക്കൊപ്പമുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയാകുന്നതുവരെ 10 ഡോക്‌ടർമാരുടെ സംഘം ഉത്തരകാശിയിൽ തുടരുമെന്ന് ക്യാമ്പിലെ മെഡിക്കൽ ടീമിന്‍റെ നോഡൽ ഓഫീസറായ ഡോ. ബിംലേഷ് ജോഷി പറഞ്ഞു.
മാനസികരോഗ വിദഗ്‌ദരും ഡോക്‌ടർമാരും അപകടത്തില്‍ പെട്ടവരുടെ കുടുംബാംഗങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ആവശ്യമുള്ളപ്പോൾ അവരെ കൗൺസിലിംഗ് ചെയ്യുകയും ചെയ്യുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ മനസിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുകയാണ് ഇവർ ചെയ്യുന്നത്. തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്‌ത്രവും കൃത്യമായി നല്‍കുന്നുണ്ടെന്നും സിനിമകള്‍ക്കും വിനോദങ്ങള്‍ക്കുമായി മൊബൈല്‍ ഫോണുകൾ നല്‍കുന്നുണ്ടെന്നും ദൗത്യ സംഘം അറിയിച്ചു.
"ഭയപ്പെടേണ്ട കാര്യമില്ല, ഞങ്ങളെല്ലാവരും കൂടെയുണ്ട്". ഉത്തരകാശി സിൽക്യാരയിൽ തകർന്ന തുരങ്കത്തിൽ കുടുങ്ങിപോയ തൊഴിലാളികളിലൊരാളായ സബ അഹമ്മദിന്‍റെ കുടുംബാഗം അദ്ദേഹവുമായി ആശയവിനിമയം നടത്തുമ്പോൾ എപ്പോഴും പറയുന്നതിങ്ങനെ. ഡ്രില്ലിങിനിടെ തടസങ്ങൾ നേരിട്ടത് കാരണം രക്ഷാപ്രവർത്തനം വൈകിയപ്പോഴും പ്രതീക്ഷ കൈവിടാതിരിക്കാൻ സബ അഹമ്മദിന് പ്രചോദനമേകിയത് ഡോക്‌ടർമാരും സൈക്യാട്രിസ്റ്റുകളും ആണെന്ന് അദ്ദേഹത്തിന്‍റെ സഹോദരൻ നയ്യാർ അഹമ്മദ് പറഞ്ഞു.
രക്ഷാപ്രവർത്തന സ്ഥലത്തുള്ള ഡോക്‌ടർമാരുടെ സംഘം കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ദിവസത്തിൽ രണ്ടുതവണ സംസാരിക്കുന്നുണ്ട്. രാവിലെ 9 മുതൽ 11 വരെയും വൈകുന്നേരം 5 മുതൽ രാത്രി 8 വരെയുമാണ് ആശയവിനിമയത്തിനായുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്.
കൂടാതെ തൊഴിലാളികളുടെ കുടുംബാഗങ്ങൾക്ക് ഏത് സമയവും അവരുമായി സംസാരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കുടുംബാഗങ്ങളെ പാർപ്പിക്കാനായി തുരങ്കത്തിന് പുറത്ത് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദിവസത്തിൽ രണ്ടു തവണ തന്‍റെ സഹോദരനുമായി സംസാരിക്കാനാകുന്നുണ്ടെന്നാണ് നയ്യാർ പറഞ്ഞത്. സബ അഹമ്മദിന്‍റെ ഭാര്യയും മൂന്ന് മക്കളും ബിഹാറിലെ ഭോജ്‌പൂരിലാണ് ഉള്ളത്. ഇവർക്കും സബ അഹമ്മദുമായി സംസാരിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
"ഞങ്ങൾ ഒരിക്കലും അവനെ നിരാശപ്പെടുത്തിയിട്ടില്ല. രക്ഷാപ്രവർത്തനത്തിന് എന്ത് തടസം നേരിടുമ്പോഴും നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും ഉടനെ പുറത്തെത്താനാവുമെന്നുമാണ് പറയുന്നത്. സേന അവർക്കാവശ്യമായതെല്ലാം എത്തിക്കുന്നുണ്ട്." നയ്യാർ പറഞ്ഞു.
നവംബർ 12 ന് തുരങ്കത്തിന്‍റെ ഒരുഭാഗം തകർന്ന് 41 തൊഴിലാളികൾ അതിനുള്ളിൽ കുടുങ്ങിയിട്ട് 15 ദിവസമായി. ആഗർ മെഷീൻ കൊണ്ടുവന്ന് ഹൊറിസോണ്ടൽ ഡ്രില്ലിങ് വഴി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. എന്നാൽ രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലെത്തിയപ്പോൾ മെഷീന് സംഭവിച്ച സാങ്കേതിക തകരാറുകൾ രക്ഷാപ്രവർത്തനം വീണ്ടും വൈകിപ്പിച്ചു.
തുരങ്കത്തിന്‍റെ അടിത്തറയിൽ രൂപപ്പെട്ട വിള്ളൽ കാരണം ഹൊറിസോണ്ടൽ ഡ്രില്ലിംഗ് നിർത്തിവയ്‌ക്കേണ്ടി വന്നു. തുടർന്ന് വെർട്ടിക്കൽ ഡ്രില്ലിംഗിനാവശ്യമായ യന്ത്രം കൊണ്ടുവന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയായിരുന്നു. പുതിയ വെല്ലുവിളികൾ വരുന്നത് മുൻകൂട്ടിക്കണ്ട് സേന ഒന്നിലധികം പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് ഇപ്പോൾ.