വിടർന്ന കണ്ണുകളും വശ്യമാർന്ന ചിരിയുമായി തെന്നിന്ത്യൻ സിനിമാ കൊട്ടകകളിൽ മാദകത്വവും മാസ്‌മരികതയും നിറച്ച സൗന്ദര്യധാമം.. അതായിരുന്നു ഒരുകാലത്ത് സിനിമാ ലോകത്ത് തരംഗം സൃഷ്‌ടിച്ച സിൽക്ക് സ്‌മിത എന്ന നടി. സ്‌മിതയ്ക്ക് മുമ്പോ ശേഷമോ അതുപോലൊരു നടി ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ത്രസിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ആരാധക ഹൃദയങ്ങളെ ഇളക്കി മറിച്ച് കടന്നുപോയ സിൽക്ക് സ്‌മിതയുടെ 63 -ാം പിറന്നാളാണിന്ന് (Silk Smitha 63 rd Birthday).
17 വര്‍ഷക്കാലം നീണ്ടുനിന്ന അഭിനയജീവിതത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 450ല്‍ അധികം സിനിമകളിൽ സ്‌മിത വേഷമിട്ടു. 1980 മുതല്‍ 85 വരെ തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച നടി എന്ന വിശേഷണം സില്‍ക്ക് സ്‌മിതയ്ക്ക് സ്വന്തമാണ്. സിൽക്കില്ലാത്ത ഒരു പടമിറങ്ങിയാൽ അത് അത്ഭുതമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഒരു സിനിമാ കഥയെ വെല്ലുന്ന കഥയാണ് ആന്ധ്രാപ്രദേശിലെ ഏലൂരിനടുത്തുള്ള തേവാലിയിൽ നിന്നുള്ള വിജയലക്ഷ്‌മി സിനിമാകൊട്ടകകളെ ഉന്മാദത്തിലാക്കിയ സിൽക്ക് സ്‌മിതയായ ചരിത്രം. അതിനാലാണ് അവരുടെ ജീവിതത്തെ ആധാരമാക്കി 'ദി ഡേർട്ടി പിക്‌ചർ' എന്ന സിനിമ പോലും നിർമ്മിക്കപ്പെട്ടത്.
അച്‌ഛനാല്‍ ഉപേക്ഷിക്കപ്പെട്ട, അമ്മയും അനുജനും മാത്രമടങ്ങുന്ന നിർധന കുടുംബം... വീട്ടിലെ പരാധീനത നാലാം ക്ലാസിൽ തന്നെ പഠനം ഉപേക്ഷിക്കാൻ കാരണമായി. വളരെ ചെറുപ്പം മുതൽ വിജയലക്ഷ്‌മിക്ക് സിനിമ സ്വപ്‌നമായിരുന്നു. അവിടേക്ക് എത്തുന്നതിന് മുൻപ് കൗമാരത്തില്‍ തന്നെ ഒരു കാളവണ്ടിക്കാരനുമായി വിവാഹിതയായി. ഭർതൃവീട്ടിലെ പീഢനങ്ങൾ കാരണം ആ ബന്ധം വിട്ടു, ശേഷം മദിരാശിയിലേക്ക്. മദ്രാസിൽ അപർണ എന്ന ബി ഗ്രേഡ് നടിയുടെ ടച്ച് അപ്പ് ഗേളായിരുന്നപ്പോഴും വിജയലക്ഷ്‌മിയിലെ അഭിനയമോഹങ്ങൾ തുടർന്നു.
Also Read: സില്‍ക്ക് സ്‌മിതയുടെ രൂപസാദൃശ്യവുമായി ടിക് ടോക്കില്‍ അപര
ഒടുവിൽ 1979ൽ ആന്‍റണി ഈസ്റ്റ്മാൻ എന്ന മലയാളി സംവിധായകന്‍റെ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ തിരശ്ശീലയിലേക്ക്. അന്ന് വിജയലക്ഷ്‌മിക്ക് പത്തൊമ്പത് വയസായിരുന്നു. ഇണയെത്തേടിയുടെ ഷൂട്ടിങ് നടക്കുന്നതിനിടെ സ്‌മിതയെത്തേടി അടുത്ത ചിത്രമെത്തി. വിനു ചക്രവര്‍ത്തിയുടെ വണ്ടി ചക്രം. വണ്ടിചക്രത്തിലെ ‘വാ മച്ചാ വാ വണ്ണാറപ്പേട്ടേ…’ എന്ന് തുടങ്ങുന്ന ഗാനരംഗം സ്‌മിതയെ ജനപ്രിയയാക്കി. ഈ ഗാനത്തിന് ഈണം പകര്‍ന്നത് ഇളയരാജയായിരുന്നു. ഈ ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര് അവളുടെ പേരിനോട് ചേര്‍ക്കപ്പെട്ടതോടെ സ്‌മിത സില്‍ക്ക് സ്‌മിതയായി.
സ്‌ക്രീനിൽ തെളിയുന്ന സില്‍ക്കിന്‍റെ മാസ്‌മരിക നിമിഷങ്ങളും ഗാനരംഗങ്ങളിലെ ചടുലതയും വശ്യതയാർന്ന സൗന്ദര്യവും ഭാഷാ-ദേശാന്തരമില്ലാതെ കാണികളെ കീഴടക്കി. വണ്ടിചക്രത്തിന് ശേഷമുള്ള അടുത്ത മൂന്ന് വർഷങ്ങൾ സിൽക്കിന് നൽകിയത് 200ലേറെ ചിത്രങ്ങൾ. സൂപ്പർതാര പരിവേഷമുള്ള നടിമാർക്ക് പോലും ലഭിക്കാത്ത ഉയർന്ന പ്രതിഫലമായിരുന്നു സ്‌മിതയ്ക്ക് ലഭിച്ചിരുന്നത്. കൂടാതെ, ശിവാജി ഗണേശൻ, കമൽ ഹാസൻ, ചിരഞ്ജീവി, രജനികാന്ത് തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ ചിത്രങ്ങളും സിൽക്കിന്‍റെ ഡേറ്റിനായി കാത്തുനിന്നിട്ടുണ്ട്. മലയാളത്തിൽ സ്ഥിടികം, അഥർവം എന്ന സിനിമകളിലും അവർ അവരുടെ അഭിനയ പാടവം വ്യക്തമാക്കി.
ഇടയ്‌ക്ക് നിർമാതാവായും സിൽക്ക് സ്‌മിത സിനിമയിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ അവ കാര്യമായ വിജയമായിട്ടില്ല. മൂന്ന് ചിത്രങ്ങള്‍ നിര്‍മിച്ചതാണ് സ്‌മിതക്ക് സാമ്പത്തിക ബാധ്യത വരുത്തിവെച്ചത്. അവസരങ്ങള്‍ കുറഞ്ഞതും അവരെ അലട്ടി. ഒപ്പം ഏകാന്തതയും. വിജയലക്ഷ്മി എന്ന സെല്ലുലോയ്‌ഡിലെ സില്‍ക്ക് സ്‌മിത മൺമറഞ്ഞത് ഒരു സെപ്റ്റംബർ 23നായിരുന്നു.
Also Read: സില്‍ക്കായി ദീപ്തി കല്യാണി, കിടുക്കിയെന്ന് കമന്‍റുകള്‍
1996 സെപ്‌തംബർ 23ന് ചെന്നൈയിലെ അപ്പാർട്‌മെന്‍റിനകത്ത് ഒരു ഫാനിൽ കുരുക്കിട്ട് വളരെ അപ്രതീക്ഷിതമായി ആ 'ചിരി' മറഞ്ഞുപോയി. സിനിമാ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച ഒരു മരണമായിരുന്നു സിൽക്ക് സ്‌മിതയുടേത്. പോസ്റ്റുമോര്‍ട്ടത്തില്‍ തൂങ്ങിമരണം എന്ന് പറയുന്നുണ്ടെങ്കിലും സ്‌മിതയുടെ പെട്ടെന്നുള്ള മരണത്തില്‍ പല ദുരൂഹതകളും ഉയര്‍ന്നിരുന്നു. സിൽക്ക് സ്‌മിതയുടെ മരണം ഇപ്പോഴും ഒരു ദുരൂഹതയായി അവശേഷിക്കുന്നു.