ന്യൂഡൽഹി : നവജാത ശിശുക്കളുടെ ജീവനും ആരോഗ്യത്തിനും പരിരക്ഷ നൽകാൻ മെഡിക്കൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതിനായി സിലിക്കോണിൽ പാവയെ നിർമിച്ച് ഗവേഷകർ. ലൂസി (Silicone Doll Lucy) എന്നാണ് ഈ കണ്ടെത്തലിന് പേര് നൽകിയിരിക്കുന്നത്. മിടിപ്പുള്ള ഹൃദയത്തോടെ നിർമിച്ചിട്ടുള്ള ലൂസിക്ക് 2500 ഗ്രാമാണ് ഭാരം.
ഓഖ്‌ല ആസ്ഥാനമായുള്ള ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (Okhla-based Indraprastha Institute of Information Technology) ആരംഭിച്ച മെഡിക്കൽ റോബോട്ടിക്‌സ് സെന്‍ററിന്‍റെ കീഴിലുള്ള മാവെറിക് കമ്പനിയാണ് പാവയെ വികസിപ്പിച്ചത്. വിവരസാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, മെഡിക്കൽ സയൻസ് എന്നിവയുടെ സഹായത്തോടെയാണ് ലൂസി വികസിപ്പിച്ചെടുത്തിട്ടുള്ളത്. നവജാത ശിശുക്കളുടേതായിട്ടുള്ള ശ്വാസകോശമാണ് (neonatal lung simulator silicone baby) ലൂസിയിൽ പ്രവർത്തിപ്പിക്കുന്നത്.
ഐഐഐടിയിൽ (IIIT) സ്ഥാപിച്ചിട്ടുള്ള ഈ സിലിക്കൺ സിമുലേഷനിലൂടെ(silicon simulation) മെഡിക്കൽ വിദ്യാർഥികൾക്ക് വെന്‍റിലേറ്ററുകളിലും ഓക്‌സിജന്‍റെ അളവ് നിരീക്ഷിക്കുന്നതിലും ഗുരുതരാവസ്ഥയിലുമുള്ള രോഗികളുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിലും പരിശീലനം നൽകാൻ എളുപ്പമാകും. പ്ലാസ്‌റ്റിക് മാനിക്വിനുകളിലാണ് (plastic mannequins) ഇതുവരെ ഡോക്‌ടർമാര്‍ക്കും മെഡിക്കൽ വിദ്യാർഥികൾക്കും പരിശീലനം നൽകിയിരുന്നത്. അതേസമയം, മെഡിക്കൽ വിദ്യാർഥികൾ സിലിക്കൺ സിമുലേഷൻ പരിശീലിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്ന് മാവെറിക്കിലെ ഡോ. റിതസ് കുമാർ അവകാശപ്പെട്ടു.
ശ്വാസകോശവും ഹൃദയസംബന്ധവുമായ പരിശീലനത്തിൽ കേന്ദ്രീകരിച്ചാണ് നിലവിൽ ലൂസി വികസിപ്പിച്ചെടുത്തിട്ടുള്ളത്. എന്നാൽ, മനുഷ്യനുണ്ടാകുന്ന എല്ലാ രോഗലക്ഷണങ്ങളും ചികിത്സയും ഉൾകൊള്ളുന്ന മറ്റൊരു സിമുലേഷൻ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിലിക്കൺ കൊണ്ടുള്ള ഓസ്‌കൾട്ടേഷൻ ടാസ്‌ക് ട്രെയിനർ (Auscultation Task Trainer) ഇതേ കമ്പനിയുടെ തന്നെ കണ്ടത്തലാണ്. ഇതുവഴി കുട്ടികളുടേയും മുതിർന്നവരുടേയും ഹൃദയം, ശ്വാസകോശം, ആമാശയം എന്നിവ സംബന്ധമായ രോഗങ്ങൾ ഡോക്‌ടർമാര്‍ക്ക് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും.