ഗാംഗ്‌ടോക്ക്/ജൽപായ്‌ഗുരി : സിക്കിമിലെ വെള്ളപ്പൊക്കത്തിൽ (Sikkim Flood) 33 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ടീസ്റ്റ നദിയിൽ (Teesta river) നിന്നാണ് ഒമ്പത് സൈനികരുടേത് ഉൾപ്പെടെയുള്ള 33 മൃതദേഹങ്ങൾ കണ്ടെത്തിയത്. അതേസമയം, കാണാതായ 105ഓളം പേർക്കായി തെരച്ചിൽ തുടരുന്നു.
ടീസ്റ്റ നദിയിൽ (Teesta river) നിന്ന് ഇതുവരെ 40 മൃതദേഹങ്ങൾ കണ്ടെടുത്തതായി പശ്ചിമ ബംഗാളിലെ ജൽപായ്‌ഗുരി ജില്ല ഭരണകൂടം അറിയിച്ചു (Jalpaiguri district administration in West Bengal). ഇതിൽ 10 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. രണ്ട് സംസ്ഥാനങ്ങളിലൂടെയും ഒഴുകുന്ന ഈ നദിയിൽ നിന്നും മൃതദേഹങ്ങൾ ഇപ്പോഴും കണ്ടെത്തുന്നതിനാൽ വിശദാംശങ്ങൾ ക്രോഡീകരിച്ചതിന് ശേഷം കൃത്യമായ മരണസംഖ്യ അടുത്ത ദിവസങ്ങളിൽ വ്യക്തമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്‌ച പുലർച്ചെയാണ് സിക്കിമിൽ വെള്ളപ്പൊക്കം ഉണ്ടായത്. 60,870 പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ഇതുവരെ 2,563 പേരെ സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയതായി സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി (Sikkim State Disaster Management Authority- SSDMA) അറിയിച്ചു.
കാണാതായവർക്കായി തെരച്ചിൽ: കാണാതായ 105 പേർക്കായി തെരച്ചിൽ തുടരുകയാണ്. പാക്യോങ് ജില്ലയിൽ 63 പേരെയും ഗാങ്‌ടോക്ക് ജില്ലയിൽ 20 പേരെയും മംഗനിൽ 16 പേരെയും നാംചിയിൽ ആറ് പേരെയും കാണാതായതായി റിപ്പോർട്ടിൽ പറയുന്നു.
തെരച്ചിലിനായി പ്രത്യേക റഡാറുകളും ഡ്രോണുകളും ആർമി നായകളെയും വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ പാക്യോങ്ങിൽ 21 (Pakyong), ഗാംഗ്‌ടോക്കിൽ ആറ് (Gangtok), മംഗാനിൽ നാല് (Mangan), നാംചിയിൽ ((Namchi)) രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തു.
ടീസ്റ്റ നദിക്ക് (Teesta river) കുറുകെയുള്ള നിരവധി പാലങ്ങളും റോഡുകളും തകർന്നു. നോർത്ത് സിക്കിമിൽ (North Sikkim), മംഗന് അപ്പുറത്തുള്ള റോഡുകളിലെ ഗാതഗതം വിച്ഛേദിക്കപ്പെട്ടതായി അധികൃതർ പറഞ്ഞു. കിഴക്കൻ സിക്കിം ജില്ലയിലൂടെ (East Sikkim district) സംസ്ഥാന തലസ്ഥാനമായ ഗാങ്‌ടോക്കിലേക്കുള്ള (Gangtok) ഇതര റൂട്ടുകൾ ഗതാഗതത്തിനായി തുറന്നിട്ടുണ്ട്.
വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായ പ്രദേശങ്ങളിലൊന്നായ വടക്കൻ സിക്കിമിലെ ചുങ്താങ്ങിൽ 56 പേരെ രക്ഷപ്പെടുത്തിയതായി ഐടിബിപി അറിയിച്ചു. രക്ഷപ്പെടുത്തിയവരിൽ 52 പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടുന്നു.
സംസ്ഥാനത്തുടനീളം 30 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 6,705 പേരോളം ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. കനത്ത പ്രളയത്തെ തുടർന്ന് ടീസ്റ്റ നദിയില്‍ (Teesta river) ജലനിരപ്പ് വർധിക്കുകയും സൈനിക ക്യാമ്പുകൾ അടക്കം ഒലിച്ചു പോകുകയും ചെയ്‌തു. 1655-ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.