ഗാങ്‌ടോക്ക് : സിക്കിമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. 142 പേരെ കാണാതായതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സിക്കിം സ്റ്റേറ്റ് ഡിസാസ്‌റ്റർ മാനേജ്‌മെന്‍റ് അതോറിറ്റിയുടെ ഒക്‌ടോബർ 6 രാത്രിയിലെ റിപ്പോർട്ട് പ്രകാരം മരണസംഖ്യ 26 ആയി (Sikkim flood death toll rises).
1173 വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. 2413 പേരെ രക്ഷപ്പെടുത്തുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ടീസ്‌റ്റ നദീതടത്തിലെ വെള്ളപ്പൊക്കത്തിൽ 13 പാലങ്ങൾ ഒലിച്ചുപോയി. 22 ദുരിതാശ്വാസ ക്യാമ്പുകളിലായി 6875 പേരാണ് കഴിയുന്നത്. 25065 പേരെ വെള്ളപ്പൊക്കം ബാധിച്ചതായി സിക്കിം ഡിസാസ്‌റ്റർ മാനേജ്‌മെന്‍റ് അതോറിറ്റിയുടെ പ്രസ്‌താവനയില്‍ പറയുന്നു.
മുഖ്യമന്ത്രി പ്രേം സിങ് തമാങ്ങിന്‍റെ അധ്യക്ഷതയിൽ ഇന്നലെ വൈകുന്നേരം മിന്‍റോക്‌ഗാങ്ങിലെ ഔദ്യോഗിക വസതിയിൽ ഉന്നതതല യോഗം ചേർന്നു. യോഗത്തിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഡയറക്‌ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ രഘു ശ്രീനിവാസൻ, സിക്കിം സർക്കാർ ചീഫ് സെക്രട്ടറി വി ബി പഥക്, ഡിജിപി സിക്കിം, എ കെ സിങ്, 17 മൗണ്ടൻ ഡിവിഷനിലെ ഡെപ്യൂട്ടി ജിഒസി, ഐടിബിപി ഡിഐജി, ബിആര്‍ഒ ചീഫ് എഞ്ചിനീയർ സ്വസ്‌തിക, ഐടിബിപി ഡെപ്യൂട്ടി കമാൻഡന്‍റ്, സംസ്ഥാന സർക്കാരിന്‍റെയും സൈന്യത്തിന്‍റെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സിക്കിം ഉർജ ലിമിറ്റഡുമായി സഹകരിച്ച് ദുരന്തബാധിത പ്രദേശങ്ങൾക്കായി പ്രത്യേക സാമ്പത്തിക ദുരിതാശ്വാസ പാക്കേജിന് സംസ്ഥാന സർക്കാർ രൂപം നൽകിയതായി മുഖ്യമന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു.