ജല്‍പൈഗുരി: പശ്‌ചിമബംഗാളിലെ ജല്‍പൈഗുരി ജില്ലയില്‍ സൈനിക മോട്ടോർ ഷെല്‍ പൊട്ടി രണ്ട് മരണം. നാല് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം സിക്കിമിലുണ്ടായ കനത്ത പ്രളയത്തെ തുടർന്ന് ടീസ്ത നദിയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും സൈനിക ക്യാമ്പുകൾ അടക്കം ഒലിച്ചു പോകുകയും ചെയ്തിരുന്നു.
സിക്കിമില്‍ നിന്ന് തുടങ്ങുന്ന ടീസ്‌ത നദി ബംഗാളിലേക്കാണ് ഒഴുകിയെത്തുന്നത്. ഇങ്ങനെ നദിയില്‍ ഒഴുകിയെത്തിയ സൈനിക വെടിക്കോപ്പുകളും മോട്ടോർ ഷെല്ലുകളും ബംഗാളിലെ ജല്‍പൈഗുരി ജില്ലയില്‍ അടക്കം എത്തിയിരുന്നു. ഇതില്‍ ഒന്ന് പൊട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്.
![Sikkim flash flood Teesta river mortar shell explodes](https://etvbharatimages.akamaized.net/etvbharat/prod-images/06-10-2023/19695201_bengal.jpg)
നദിയില്‍ ഒഴുകിയെത്തിയ മോട്ടോർ ഷെല്ലുകൾ എടുത്ത് കൈകാര്യം ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് ജല്‍പൈഗുരി പൊലീസ് പറയുന്നത്. പരിക്കേറ്റ നാല് പേരുടേയും സ്ഥിതി ഗുരുതരമല്ലെന്നും പൊലീസ് പറഞ്ഞു.
![Sikkim flash flood Teesta river mortar shell explodes](https://etvbharatimages.akamaized.net/etvbharat/prod-images/06-10-2023/19695201_mili.jpg)
ബുധനാഴ്‌ച പുലർച്ചെയാണ് വടക്കൻ സിക്കിമിലെ ലോനാക് മേഖലയില്‍ മേഘവിസ്‌ഫോടനത്തെ തുടർന്ന് ചുങ്‌താങ് ഡാം തകർന്ന് സിക്കിമില്‍ കനത്ത പ്രളയമുണ്ടായത്. ഇതേ തുടർന്ന് ടീസ്ത നദിയില്‍ ജലനിരപ്പ് 20 മീറ്ററിലധികം ഉയരുകയും സൈനിക ക്യാമ്പുകളും വാഹനങ്ങളും അടക്കം ഒലിച്ചുപോകുകയും ചെയ്‌തിരുന്നു. വടക്കൻ സിക്കിമില്‍ വൻ ദുരന്തമാണ് മേഘവിസ്‌ഫോടനവും അതിനെ തുടർന്നുണ്ടായ പ്രളയവും സൃഷ്‌ടിച്ചത്.
ദുരന്ത ഭൂമിയായി വടക്കൻ സിക്കിം: മേഘവിസ്‌ഫോടനവും അതിനെ തുടർന്നുണ്ടായ പ്രളയത്തിലും 21 പേരാണ് സിക്കിമില്‍ ഇതുവരെ മരിച്ചത്. 11 പേരെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്.
![Sikkim flash flood Teesta river mortar shell explodes](https://etvbharatimages.akamaized.net/etvbharat/prod-images/06-10-2023/19695201_search.jpg)
കാണാതായാവർക്കായി സൈന്യവും എൻഡിആർഎഫും തിരച്ചില്‍ തുടരുകയാണ്. ടീസ്‌ത നദി തീരങ്ങളിലും പ്രളയ ബാധിത പ്രദേശങ്ങളിലുമാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. സൈന്യം ട്രാക്കർ നായകളയും റഡാറുകളുമാണ് തിരച്ചിലിന് ഉപയോഗിക്കുന്നത്.
![Sikkim flash flood Teesta river mortar shell explodes](https://etvbharatimages.akamaized.net/etvbharat/prod-images/06-10-2023/19695201_militory.jpg)
കാണാതായ 118 പേരില്‍ 15 പേർ സൈനികരാണ്. 13 പാലങ്ങളാണ് പ്രളയത്തില്‍ സിക്കിമില്‍ മാത്രം ഒലിച്ചുപോയത്. ബംഗാളിനെ സിക്കിമുമായി ബന്ധിപ്പിക്കുന്ന എൻഎച്ച്-10 ദേശീയ പാത പലയിടങ്ങളിലും പൂർണമായും തകർന്ന അവസ്ഥയിലാണ്.
അപകട മേഖലയില്‍ വിനോദ സഞ്ചാരികളും: പ്രളയം ഏറ്റവുമധികം ബാധിച്ച വടക്കൻ സിക്കിമിലെ ലാച്ചൻ താഴ്‌വര, ലാചിങ്, ചുങ്‌താങ് എന്നിവിടങ്ങളിലായി 1471 വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കാലാവസ്ഥ അനുകൂലമായാല്‍ ഇവരെ ഹെലികോപ്‌റ്റർ മാർഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നാണ് സൈന്യം പറയുന്നത്.
also read: Sikkim Flash floods സിക്കിമില്‍ പ്രളയം, 23 സൈനികരെ കാണാതായി