ഭോപ്പാല്‍ : മധ്യപ്രദേശില്‍ ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി പ്രവേഷ് ശുക്ലയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തി പൊലീസ്. പ്രതിയെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വീട് തകര്‍ത്തത്. അതേസമയം ഈ സംഭവം നേരത്തേ നടന്നതാണെന്നും തെരഞ്ഞെടുപ്പ് സമയം അടുത്തതോടെ വിവാദം സൃഷ്‌ടിക്കുന്നതിനായാണ് കേസും അറസ്റ്റുമെന്ന് പ്രവേഷ് ശുക്ലയുടെ പിതാവ് രമാകാന്ത് പറഞ്ഞു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിജെപി നേതാക്കളുമായി അടുത്ത് ബന്ധമുള്ളയാളാണ് ശുക്ലയെന്നും വിവിധ കേസുകളില്‍ അദ്ദേഹത്തെ പ്രതിയാക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. അതേസമയം അന്വേഷണം നടത്താന്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മ്മ പറഞ്ഞു. ജൻജാതി വികാസ് പ്രതികരൻ ചെയർമാനായ രാംലാൽ റൗട്ടേലാണ് സമിതിയുടെ അധ്യക്ഷന്‍. കൂടാതെ നിയമസഭാംഗങ്ങളായ ശരദ് കോൾ, അമർ സിംഗ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് കാന്ത്ദേവ് സിങ് എന്നിവരും സമിതിയിലെ അംഗങ്ങളാണ്.
ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ പ്രവേഷ് ശുക്ലക്കെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്.
പ്രതികരണവുമായി ആഭ്യന്തര മന്ത്രി : യുവാവിന്‍റെ മുഖത്തേക്ക് മൂത്രമൊഴിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് പൊലീസ് നടപടിയുണ്ടായത്. സര്‍ക്കാറിന്‍റെ പെട്ടെന്നുള്ള നടപടി മനുഷ്യത്വ രഹിതവും അപലപനീയവുമാണെന്ന് മിശ്ര പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യവും കേസുകളും : കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. നിലത്തിരിക്കുന്ന യുവാവിന്‍റെ മുഖത്തേക്ക് ഒരാള്‍ മൂത്രമൊഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വൈറലായ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി സിവരാജ് സിങ് ചൗഹാന്‍ സംഭവത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി.
തുടര്‍ന്ന് കുബ്രിയിലെ വീട്ടില്‍ നിന്നും പുലര്‍ച്ചെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ ഐപിസി 294, 504 സെക്ഷൻ 3(1) (ആർ)(എസ്) എസി/എസ്‌ടി ആക്‌ട്, എൻഎസ്എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അറസ്റ്റിലായതിന് പിന്നാലെ ഇയാള്‍ സിദ്ധി എംഎല്‍എ കേദാര്‍നാഥ് ശുക്ലയുടെ അടുത്തയാളാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തി. എന്നാല്‍ ഇയാള്‍ പാര്‍ട്ടി അംഗമല്ലെന്നും ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തിയല്ലെന്നുമാണ് കേദാര്‍നാഥ് ശുക്ലയുടെ വാദം. അതേസമയം പ്രതിയായ ഇയാള്‍ ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ സഹിതമാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നത്.