ഹൈദരാബാദ്: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ അമർനാഥ് യാത്രയ്ക്കുള്ള രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചു. ഈ മാസം 15 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സാഹചര്യം മെച്ചപ്പെട്ടാൽ വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്നും ശ്രീ അമർനാഥ്ജി ദേവാലയം ബോർഡ് (എസ്എഎസ്ബി) അധികൃതർ വ്യക്തമാക്കി.
ജൂൺ 28 മുതൽ രക്ഷാബന്ധൻ ദിവസമായ ഓഗസ്റ്റ് 22 വരെയാണ് 56 ദിവസം നീണ്ട അമർനാഥ് യാത്ര വർഷങ്ങളായി നടത്തിവരുന്നത്.
മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം അമർനാഥ് യാത്ര ഒഴിവാക്കിയിരുന്നു. എന്നാൽ, 2019ൽ 3,42,883 തീർഥാടകരാണ് അമർനാഥിൽ ക്ഷേത്ര സന്ദർശനത്തിനായി എത്തിയത്.
ജമ്മു കശ്മീരിലെ പഹല്ഗമിൽ നിന്നും 46 കിലോ മീറ്റർ അകലെ, ലിഡ്ഡർ നദിക്കരയിൽ 3888 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് ഗുഹ സ്ഥിതി ചെയ്യുന്നത്. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടേക്ക് തീർഥാടകരെ ആകർഷിക്കുന്നത്.