ഹൈദരാബാദ്: രണ്ട് മാസത്തിനുള്ളില്‍ കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് ആസന്നമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മുതിർന്നവരെ പോലെ തന്നെ കുട്ടികളെയും മൂന്നാം തരംഗം ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ഒക്‌ടോബറില്‍ രാജ്യത്ത് വ്യാപകമാകുമെന്ന് കരുതുന്ന കൊവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ ഡോക്‌ടർമാർ, ആരോഗ്യ പ്രവർത്തകർ, വെന്‍റിലേറ്ററുകൾ, ആംബുലൻസുകൾ എന്നിവയില്‍ കുറവുണ്ടാകുമെന്ന ആശങ്ക നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്‍റിലെ വിദഗ്ധർ പങ്കുവെയ്ക്കുന്നുണ്ട്.
വലിയ അളവില്‍ കുട്ടികളെ കൊവിഡ് ബാധിച്ചാല്‍ ഏത് രീതിയില്‍ പ്രതിരോധിക്കണം എന്ന കാര്യത്തിലും ആശങ്കയുണ്ട്. കുട്ടികൾക്കും ഒന്നിലധികം രോഗങ്ങളും ഗുരുതര രോഗങ്ങളുമുള്ളവർക്കും വാക്‌സിനേഷൻ നടപടികൾക്ക് വേഗം കൂട്ടാൻ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച കമ്മിറ്റി പ്രധാനമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നുണ്ട്.
" മൂന്നാം തരംഗം മുന്നൊരുക്കങ്ങൾ, കുട്ടികളിലെ ആരോഗ്യ പ്രശ്‌നങ്ങളും പരിഹാരവും" എന്ന വിഷയത്തിലെ വിശദ പഠനത്തില്‍ മൂന്നാം തരംഗത്തില്‍ കേന്ദ്ര സർക്കാർ സ്വീകരിക്കേണ്ട അടിയന്തര നടപടികളെ കുറിച്ച് പറയുന്നുണ്ട്. മൂന്നാം തരംഗം സംഭവിക്കുമെന്നും അത് പ്രായമെന്ന വിഷയത്തെ മറികടന്ന് കുട്ടികളില്‍ മുതിർന്നവർക്കുണ്ടാകുന്ന സമാനമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 12 മുതല്‍ 16 ആഴ്‌ചകൾക്കുള്ളില്‍ കൊവിഡ് മൂന്നാംതംരംഗം എത്തുമെന്നാണ് വിദഗ്ധർ കരുതുന്നത്. ഇത് നിലവിലുള്ള വാക്‌സിനുകളെ ദുർബലമാക്കുന്ന വൈറസ് വ്യതിയാനത്തിന് കാരണമാകുമെന്നും കരുതുന്നു.
കുട്ടികളും വാക്‌സിനേഷനും
ജൂലൈയിലോ ആഗസ്റ്റിലോ കുട്ടികളുടെ (12-18 വയസിനിടയിലെ) വാക്‌സിനേഷൻ രാജ്യത്ത് തുടങ്ങുമെന്നാണ് കേന്ദ്ര സർക്കാർ 2021 ജൂണില്‍ പറഞ്ഞിരുന്നത്. വാക്‌സിനേഷൻ സംബന്ധിച്ച് ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപ്പിന്‍റെ ചെയർമാനായ ഡോ എൻകെ അറോറ പറഞ്ഞിരുന്നത് സൈഡസ് -കാഡിലയുടെ പരീക്ഷണങ്ങൾ ഏതാണ്ട് പൂർത്തിയായെന്നാണ്. അതോടൊപ്പം കുട്ടികളുടെ (12-18 വയസിനിടയിലെ) വാക്‌സിനേഷന് ഡ്രഡ് കൺട്രോളർ ജനറലിന്‍റെ അനുമതി ഉടൻ ലഭ്യമാകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെയും അറിയിച്ചിരുന്നു.
ഭാരത് ബയോടെകിന്‍റെ കൊവാക്‌സിൻ, കുട്ടികളുടെ വാക്‌സിനേഷൻ സംബന്ധിച്ച് ലോകം മുഴുവൻ അംഗീകരിച്ച ഫൈസർ എന്നിവയ്ക്ക് ഉടൻ തന്നെ ഇന്ത്യയില്‍ അംഗീകാരം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. കൊവിഡിന് എതിരായ പോരാട്ടത്തില്‍ കുട്ടികളിലെ വാക്‌സിനേഷൻ ഒരു നാഴികക്കല്ലാകും. അതോടൊപ്പം അവർക്ക് സ്‌കൂളുകളില്‍ പോയി തുടങ്ങാനും പഠനം പൂർണ തോതില്‍ ആരംഭിക്കാനും കഴിയും.
റോയിട്ടേഴ്സ് 40 വിദഗ്ധരുമായി നടത്തിയ സർവേയില്‍ കൊവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ഇന്ത്യയില്‍ ഒക്‌ടോബറില്‍ വ്യാപകമാകുമെന്നും സെപ്‌റ്റംബർ രണ്ടാവാരമാകും അത് പൂർണ തോതില്‍ ഇന്ത്യയില്‍ പ്രകടമാകുമെന്നും പറയുന്നു.
അതേസമയം, കൊവിഡ് മൂന്നാംതരംഗം ഇന്ത്യയില്‍ വ്യാപകമാകുമെന്ന് ഉറപ്പുപറയാനാകില്ലെന്നാണ് മുതിർന്ന വൈറോളജിസ്റ്റും വിദഗ്ധനുമായ പ്രൊഫ. ഷാഹിദ് ജമീല്‍ പറയുന്നത്. കൊവിഡ് പ്രതിരോധത്തില്‍ നാം സ്വീകരിക്കുന്ന മാർഗ്ഗങ്ങളെ അടിസ്ഥാനമാക്കിയാകും രോഗ വ്യാപനത്തിന്‍റെ തീവ്രത. വാക്‌സിനേഷനും അക്കാര്യത്തില്‍ പ്രധാനമാണെന്ന് പ്രൊഫ. ഷാഹിദ് ജമീല്‍ അഭിപ്രായപ്പെടുന്നു.
സ്കൂളുകളും മൂന്നാം തരംഗവും
മധ്യപ്രദേശ്, ഛത്തീസ് ഗഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ സ്കൂളുകൾ തുറന്നുകഴിഞ്ഞു. ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ് എന്നി സംസ്ഥാനങ്ങൾ മൂന്നാം തരംഗ ഭീഷണിക്കിടയിലും സ്കൂളുകൾ തുറക്കാനുള്ള ശ്രമത്തിലാണ്. കൊവിഡിനെ സംബന്ധിച്ചുള്ള വിവരങ്ങൾ, സുരക്ഷാ നടപടികൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാകണം സ്കൂളുകൾ തുറക്കാനെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്.
വാക്‌സിനേഷൻ നടപടികൾ പൂർണമായ ശേഷം മാത്രമേ സ്കൂളുകൾ തുറക്കാവു എന്നാണ് എയിംസ് ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയ അഭിപ്രായപ്പെടുന്നത്. കുട്ടികളില്‍ രോഗ സാധ്യത കുറവായിരിക്കുമെങ്കിലും രോഗ ബാധിതരാകുന്ന കുട്ടികൾ സമൂഹത്തില്‍ രോഗ വാഹകരാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കണമെന്നാണ് ഡോ. രൺദീപ് ഗുലേറിയയുടെ നിലപാട്.