പൂനെ: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (എസ്ഐഐ) കഴിഞ്ഞ മാസം ഉണ്ടായ തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. സംസ്ഥാന ബജറ്റിന് മുന്നോടിയായി പൂനെ ഡിവിഷന് കീഴിലുള്ള ജില്ലകളുടെ വാർഷിക പൊതുയോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പവാർ. തീപിടിത്തത്തെ തുടർന്ന് താൻ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചതായും അദ്ദേഹം പറഞ്ഞു.
വാക്സിനേഷൻ ഡ്രൈവിനെ കുറിച്ച് സംസാരിച്ച പവാർ എല്ലാവർക്കും വാക്സിൻ നൽകേണ്ടത് കേന്ദ്രത്തിന്‍റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കി. അതേസമയം, കൊവിഡ് കണക്കിലെടുത്ത് ഛത്രപതി ശിവാജിയുടെ ജന്മവാർഷികം ലളിതമായി ആഘോഷിക്കണമെന്ന് പവാർ ആവർത്തിച്ചു. ആഘോഷങ്ങൾക്കായി നൂറിലധികം ആളുകൾ ഒരിടത്ത് ഒത്തുകൂടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂനെയിലെ എസ്‌ഐഐയുടെ മഞ്ജരി വളപ്പിലെ അഞ്ച് നില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ച് തൊഴിലാളികളാണ് മരിച്ചത്. തീപിടിത്തം കോവിഷീൽഡ് വാക്സിൻ ഉൽപാദനത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു.