ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപിയാൻ ജില്ലയിൽ ശനിയാഴ്‌ച സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-ത്വയ്ബ (LeT) സംഘടനയിലെ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഷോപ്പിയാനിലെ ധംഗം സ്വദേശിയായ സമീർ അഹമ്മദ് ഷാ, പുൽവാമയിലെ റയീസ് അഹമ്മദ് മിർ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഷോപിയാനിലെ കിൽബാൽ ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ ആരംഭിച്ചതെന്ന് പൊലീസ് വക്താവ് പറഞ്ഞു. തെരച്ചിലിനിടെ ഒളിച്ചിരിക്കുന്ന തീവ്രവാദികൾ പൊലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ലഷ്‌കർ-ഇ-ത്വയ്ബയുടെ ഷാഡോ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിലെ (TRF) അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തതായും വക്താവ് അറിയിച്ചു.
ALSO READ: നാടൻ തോക്കുമായി മണൽ മാഫിയ സംഘങ്ങളുടെ വെടിവെയ്പ്പ്: video, രണ്ട് പേർ വെടിയേറ്റ് മരിച്ചു
പൊലീസ് നൽകുന്ന വിവരങ്ങളനുസരിച്ച് കൊല്ലപ്പെട്ട രണ്ട് ഭീകരരും സുരക്ഷ സേനയ്‌ക്കെതിരായ ആക്രമണങ്ങളും സിവിലിയൻ അതിക്രമങ്ങളും ഉൾപ്പെടെ നിരവധി ഭീകര കുറ്റകൃത്യ കേസുകളിൽ ഉൾപ്പെട്ടിരുന്നവരാണ്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ആക്രമണത്തിനുപയോഗിച്ച ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.