ഷോപ്പിയാന്‍ : ജമ്മുകശ്‌മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ചോട്ടിഗാം മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. പൊലീസും സൈന്യവും സിആര്‍പിഎഫും സ്ഥലത്തുണ്ട്. ഒരു ഭീകരനെ വധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
അതിനിടെ രണ്ട് ഭീകരരെ പിടികൂടിയെങ്കിലും രക്ഷപ്പെട്ടതായും വിവരമുണ്ട്. സുരക്ഷാസേനയും ഭീകരരും തമ്മില്‍ രണ്ടുദിവസം മുമ്പ് കുല്‍ഗാം ജില്ലയിലെ ഹഡിഗാം ഗ്രാമത്തിലും ഏറ്റുമുട്ടലുണ്ടായിരുന്നു. ഇവിടെ സുരക്ഷാസേന തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ദക്ഷിണ കശ്മീര്‍ ജില്ലയിലെ ചോട്ടിഗാം മേഖലയില്‍ ഭീകരസാന്നിധ്യമുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് പ്രദേശത്ത് നടത്തിയ തെരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്.
ഭീകരര്‍ സൈനികര്‍ക്ക് നേരെ ആക്രമണം തുടങ്ങിയതോടെയാണ് ഇതൊരു ഏറ്റുമുട്ടലായി മാറിയത്. ഇക്കഴിഞ്ഞ നവംബറില്‍ ജമ്മു കശ്‌മീരിലെ രജൗരി ജില്ലയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതില്‍ നാട്ടുകാരും കൊല്ലപ്പെട്ടു. പിന്നീട് സര്‍ക്കാര്‍ കൊല്ലപ്പെട്ട നാട്ടുകാര്‍ക്ക് ജോലിയും നഷ്ടപരിഹാരവും മറ്റും പ്രഖ്യാപിക്കുകയും ചെയ്തു. നിരവധി നാട്ടുകാര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഭീകരരും കൊല്ലപ്പെട്ടു.
ധർമസാലിലെ ബാജിമാൽ മേഖലയിലാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നത്. വെടിവയ്‌പ്പിൽ സൈനികർക്കും പരിക്കേറ്റു. വെടിവയ്‌പ്പുണ്ടായപ്പോൾ ഓഫീസർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരും രണ്ട് ജവാൻമാരും വീരമൃത്യു വരിച്ചിരുന്നു. പ്രദേശത്ത് തീവ്രവാദി സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് സൈന്യവും ജമ്മുകശ്‌മീർ പൊലീസും തെരച്ചില്‍ ആരംഭിച്ചത്.
കലകോട്ട് ഏരിയ, ഗുലാബ്‌ഗഡ് വനം, രജൗരി ജില്ല എന്നിവിടങ്ങളിലാണ് സൈന്യം തെരച്ചില്‍ നടത്തുന്നത്. വനമേഖലയില്‍ തീവ്രവാദികൾ ഒളിച്ചിരിക്കുന്നത് കണ്ടെത്താൻ സുരക്ഷാസേന അതിതീവ്രശ്രമമാണ് നടത്തിയത്. സെപ്റ്റംബറില്‍ അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ കേണല്‍ മന്‍പ്രീത് സിങ് അടക്കം മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
മന്‍പ്രീത് സിങ്ങിന്‍റെ സംസ്‌കാരത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് പുഷ്‌പചക്രം അര്‍പ്പിച്ചു. പിന്നാലെ മന്‍പ്രീതിന്‍റെ ഗ്രാമമായ മുല്ലന്‍പൂര്‍ ഗരീബ്‌ദാസില്‍ വച്ച് സമ്പൂർണ സൈനിക ബഹുമതികളോടെ അദ്ദേഹത്തിന്‍റെ സംസ്‌കാരവും നടന്നു. ഇദ്ദേഹത്തിന്‍റെ സംസ്‌കാരങ്ങള്‍ക്കായി നാട് മുഴുവനും തടിച്ചുകൂടിയിരുന്നു. മാത്രമല്ല മുന്‍ കരസേനാ മേധാവി ജനറൽ വേദ് പ്രകാശ് മാലിക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ കേണല്‍ മന്‍പ്രീത് സിങ്ങിന്‍റെ വസതിയിലെത്തിയിരുന്നു.
മേജർ ആശിഷ് ധോൻചക്കിന്‍റെ സംസ്‌കാര ചടങ്ങുകളും പാനിപ്പത്തിലെ അദ്ദേഹത്തിന്‍റെ വസതിയിൽ നടന്നു. സെപ്‌റ്റംബര്‍ 13 ന് ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് രാഷ്‌ട്രീയ റൈഫിൾസ് യൂണിറ്റിന്‍റെ (Rashtriya Rifles Unit) കമാൻഡറായ കരസേനയിലെ കേണല്‍ മന്‍പ്രീത് സിങ്, മേജര്‍ ആശിഷ് ധോൻചക്ക്, ജമ്മു കശ്‌മീര്‍ പൊലീസിലെ ഡിവൈഎസ്‌പിയായ ഹുമയൂണ്‍ ഭട്ട് എന്നിവര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടത്. ഹൂമയൂണ്‍ ഭട്ടിനെയും ഔദ്യോഗിക ബഹുമതികള്‍ നല്‍കിയാണ് യാത്രയാക്കിയത്.
Also Read: ജമ്മു കശ്‌മീരില്‍ സിവിലിയന്മാരുടെ ദുരൂഹ മരണം; സഹായധനവും ജോലിയും പ്രഖ്യാപിച്ച് ഭരണകൂടം
അതേസമയം പ്രത്യേക പദവി ഇല്ലാതാക്കിയതോടെ ജമ്മുകശ്മീരില്‍ സമാധാനം പുലര്‍ന്നെന്നും പഴയ പോലെ ആക്രമണങ്ങളോ ഏറ്റുമുട്ടലുകളോ ഇവിടെ നടക്കുന്നില്ലെന്നുമാണ് സര്‍ക്കാര്‍ വാദം.