ഭോപ്പാൽ: കൊവിഡ് വ്യാപനം അധികരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ പരിഹാരമാവില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. പ്രാദേശിക തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെല്ലാം കൊറോണ കർഫ്യൂ എന്നതിലുപരി കൊവിഡ് നിയന്ത്രണങ്ങൾ അല്ലെന്നും അവശ്യ സേവനങ്ങൾക്ക് സംസ്ഥാനത്ത് യാതൊരു തടസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാമാരിക്കെതിരെ പോരാടാൻ സംസ്ഥാന സർക്കാർ നിരന്തരമായ ശ്രമങ്ങൾ നടത്തുകയാണെന്നും പൊതുജനങ്ങളുടെ പിന്തുണ അതിനുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിന്‍റെ ഭാഗമായി കഴിഞ്ഞയാഴ്‌ച ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സമൂഹത്തിന് നിസ്വാർഥ സേവനം നൽകുന്ന ഡോക്‌ടർമാർ, നഴ്‌സ്, പാരാമെഡിക്കൽ സ്റ്റാഫുകൾ മുതലായവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ യഥാക്രമം പാലിക്കുന്നുണ്ടെങ്കിൽ പോലും കേസുകൾ വർധിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ശനിയാഴ്‌ച 4,882 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കൂടുതൽ വായനയ്‌ക്ക്: കൊവിഡ് യോദ്ധാക്കളെ അപമാനിക്കരുതെന്ന് ശിവരാജ് സിംഗ് ചൗഹാന്‍
വാക്‌സിനേഷൻ ദിനങ്ങളായ 'ടിക്ക ഉത്സവി'നെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഈ ദിവസങ്ങളിൽ എല്ലാവരും മുന്നോട്ട് വന്ന് സ്വയം വാക്‌സിനേഷൻ സ്വീകരിക്കണമെന്ന് ചൗഹാൻ ആഹ്വാനം ചെയ്‌തു. ഏപ്രിൽ 11 മുതൽ ബി.ആർ. അംബേദ്‌കറുടെ ജന്മവാർഷികമായ ഏപ്രിൽ 14 വരെ രാജ്യത്ത് 'ടിക്ക ഉത്സവ്' ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ അറിയിച്ചിരുന്നു.
കൂടുതൽ വായനയ്‌ക്ക്: വാക്സിനേഷനെ 'ടിക്കാ ഉത്സവം' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി