ഇന്‍ഡോര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ വികസനത്തിന്‍റെ കാര്യത്തില്‍ ഇന്‍ഡോര്‍ നഗരം ബെംഗളൂരുവിനെയും, ഹൈദരാബാദിനെയും മറികടക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. നിലവില്‍ മധ്യപ്രദേശില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള തീയതി മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്, നഗര തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാൻ പോകുകയാണ്. ഇന്‍ഡോര്‍ മഹാനഗരത്തിന്‍റെ വികസനത്തിനും ജില്ല രൂപീകരണത്തിനും ബിജെപി ആവശ്യമാണ്. ബിജെപി പ്രവര്‍ത്തകര്‍ ഗ്രമാപ്രദേശങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അത്തരം മേഖലകളെ ദ്രുതഗതിയില്‍ വികസനത്തിലേക്ക് നയിക്കുന്നതാണ്.
വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്‍ഡോര്‍ വികസനത്തിൽ ബെംഗളൂരുവിനെയും ഹൈദരാബാദിനെയും പിന്നിലാക്കുമെന്നാണ് ഞാന്‍ പറയുന്നത്. അതിനായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കണം. മേയറായി തെരഞ്ഞെടുക്കപ്പെടേണ്ടത് ബിജെപിയിലുള്ള ആളായിരിക്കണമെന്നും ശിവരാജ് സിങ് ചൗഹാന്‍ അഭിപ്രായപ്പെട്ടു.
ത്രിതല മധ്യപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജൂൺ 25, ജൂലൈ 1, ജൂലൈ 8 എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ജൂലൈ 8, 11, 14, 15 തീയതികളിലായിരിക്കും വോട്ടെണ്ണല്‍ നടക്കുക എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ബിപി സിങ് അറിയിച്ചു.