സാഗര്‍(മധ്യപ്രദേശ്): പ്രണയദിനത്തിനെതിരെ മുദ്രാവാക്യമുയര്‍ത്തിയും എണ്ണയില്‍ മുക്കിയ വടി ഉയര്‍ത്തി പ്രതിഷേധിച്ചും ശിവസേന പ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ സാഗര്‍ ടൗണില്‍ ഇന്നലെ പ്രണയദിനത്തോടനുബന്ധിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. അശ്ലീലം നിറഞ്ഞ പെരുമാറ്റമുണ്ടാതിരിക്കുവാനാണ് വടി ഉയര്‍ത്തിക്കാണിച്ച് പ്രതിഷേധം നടത്തിയതെന്നും യുവാക്കളെ ഉപദ്രവിച്ചില്ലെന്നും പാര്‍ട്ടി അറിയിച്ചു.
ശിവസേന(ഉദ്ധവ് ബലേസാഹേബ് താക്കറെ) വടികളില്‍ എണ്ണ പുരട്ടുന്നതും പ്രണയദിന ആഘോഷത്തിനെതിരെ മുദ്രാവാക്യമുയര്‍ത്തുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിലുടനീളം പ്രചരിച്ചിരുന്നു. 'കമിതാക്കളെ എവിടെ കാണുന്നോ അവര്‍ക്ക് ഉചിതമായ ചികിത്സ നല്‍കും' എന്നതായിരുന്നു പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. പ്രണയ ദിനം വിദേശികളുടെ ആഘോഷമാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്നും പ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു.
'വികൃതമായ മനോഭാവമുള്ളവരാണ് പ്രണയദിനം ആഘോഷിക്കുന്നത്. ഞങ്ങളുടെ പ്രതിഷേധത്തിന്‍റെ ഭാഗമായി ശിവ സൈനിക് അംഗങ്ങള്‍ പാര്‍ക്കിലും റെസ്‌റ്റോറന്‍റിലും മറ്റ് പ്രദേശത്തും വിന്യസിച്ചിട്ടുണ്ട്. അശ്ലീലമായ എന്തെങ്കിലും പ്രവര്‍ത്തികളുണ്ടായാല്‍ അത് തടയുന്നതിനായാണ് ഇത്തരം പ്രവര്‍ത്തിയെന്ന്' ഡെപ്യൂട്ടി സ്‌റ്റേറ്റ് ഹെഡ് പപ്പു തിവാരി പറഞ്ഞു.
'ശിവസേന പ്രണയത്തിന് എതിരല്ല. എന്നാല്‍, ഞങ്ങളുടെ സഹോദിമാരെയും പെണ്‍മക്കളെയും വശീകരിക്കുന്ന ലൗ ജിഹാദിനെതിരാണ്. പ്രണയിതാക്കളായിരുന്ന മീര- മോഹന്‍, ഹീര്‍ -രഞ്ജ, ലൈല -മജ്‌നു തുടങ്ങിയവരുടെ പേരിലാണ് ഇന്ത്യ അറിയപ്പെടുന്നത്. എന്നാല്‍, പ്രണയ ദിനത്തിന്‍റെ പേരിലുള്ള അശ്ലീല പ്രവര്‍ത്തികള്‍ അനുവദിക്കുന്നതല്ല' എന്ന് പപ്പു തിവാരി മുന്നറിയിപ്പ് നല്‍കി.
ഇതിന്‍റെ അടിസ്ഥാനത്തില്‍ മക്‌റോണിയയില്‍ നിന്നും ഡോ. ഹരിസിങ് കൗണ്‍ സര്‍വകലാശാല വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ റാലി നടത്തി. യുവാക്കള്‍ക്ക് നേരെ ഞങ്ങള്‍ വടി പ്രയോഗിച്ചില്ല. ഞങ്ങള്‍ അക്രമം സൃഷ്‌ടിക്കാന്‍ വന്നവരല്ല, ഞങ്ങള്‍ അശ്ലീല പ്രവര്‍ത്തികള്‍ക്കെതിരാണ്, തിവാരി കൂട്ടിച്ചേര്‍ത്തു.