ന്യൂഡല്‍ഹി: ആഗോള വാണിജ്യരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴി വെച്ചേക്കാവുന്ന നീക്കത്തിനൊരുങ്ങി ഇന്ത്യയും അമേരിക്കയും. മധ്യ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളുമായും യൂറോപ്പുമായും ഇന്ത്യയെ ബന്ധിപ്പിക്കുന്ന വ്യാപാര ഇടനാഴി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ഇരു രാജ്യങ്ങളും. ഇന്ത്യയെ ഗള്‍ഫ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളുമായും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായും റെയില്‍-കപ്പല്‍ മാര്‍ഗങ്ങളിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതി ജി 20 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും (Narendra Modi) അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും (Joe Biden) പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത് (India and the US are about to announce a trade corridor).
അമേരിക്ക, ഇന്ത്യ, സൗദി അറേബ്യ, യു.എ.ഇ, യൂറോപ്യന്‍ യൂണിയന്‍ എന്നിവ തമ്മില്‍ ഇതുസംബന്ധിച്ച ധാരണ പത്രം തയ്യാറാക്കുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണെന്ന് അമേരിക്കന്‍ പ്രതിനിധികള്‍ അറിയിച്ചതായി വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു. ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ ഈ പദ്ധതിക്ക് അന്തിമരൂപമാകും എന്നാണ് പ്രതീക്ഷ. അമേരിക്ക, ഇന്ത്യ, സൗദി അറേബ്യ (Saudi Arabia), യു.എ.ഇ (United Arab Emirates), യൂറോപ്യന്‍ യൂണിയന്‍ (European Union) എന്നിവ ഉള്‍പ്പെടുന്ന ഒരു സമഗ്ര ഗതാഗത സജ്ജീകരണം ലക്ഷ്യമിട്ടാണ് ധാരണാപത്രം തയ്യാറാക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഉപദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ജോൺ ഫൈനര്‍ (Jon Finer) പറഞ്ഞു.
ആഗോള പശ്ചാത്തല വികസനത്തിനായുള്ള നിക്ഷേപ സഹകരണത്തിന്‍റെ ഭാഗമായ പുതിയ പദ്ധതി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജി 20 ഉച്ചകോടിയില്‍ (G20 summit) പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇന്ധന നീക്കത്തിനടക്കം ഉപകാരപ്പെടുന്ന കപ്പല്‍-റെയില്‍ ഇടനാഴി രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നാണ് കരുതുന്നത്. വാണിജ്യ രംഗത്ത് ചൈനയുടെ നീക്കങ്ങള്‍ക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കാനും ഈ പുതിയ രാജ്യാന്തര നീക്കം വഴി അമേരിക്ക ലക്ഷ്യമിടുന്നു. ചൈനീസ് സമ്പദ്‌വ്യവസ്ഥക്ക് കരുത്തേകാന്‍ ലോകരാഷ്ട്രങ്ങളെ തങ്ങള്‍ക്ക് കീഴില്‍ അണിനിരത്താന്‍ ചൈന കിണഞ്ഞ് ശ്രമിക്കുന്നതിനിടെയാണ് തന്ത്രപ്രധാന നീക്കവുമായി അമേരിക്കയും ഇന്ത്യയും രംഗത്തുവരുന്നത്.
ധാരണപത്രം തയ്യാറാക്കി പദ്ധതി നിര്‍വഹണ ഘട്ടത്തിലേക്ക് കടക്കുന്നതോടെ, മൂന്ന് പ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുമെന്ന് ഫൈനര്‍ പറഞ്ഞു. ഡിജിറ്റല്‍ കമ്മ്യൂണിക്കേഷനും ഇന്ധന-ഊര്‍ജ്ജ നീക്കവും സുഗമമാവും എന്നതാണ് ഒന്ന്. ഇടത്തരം സമ്പദ്‌വ്യവസ്ഥയോ താഴ്ന്ന സാമ്പത്തിക സ്ഥിതിയോ കാരണം പശ്ചാത്തല സൗകര്യ വികസനത്തിന് ആവശ്യമായ വിഹിതം കണ്ടെത്താന്‍ കഴിയാത്ത രാജ്യങ്ങള്‍ക്ക് സഹായമാകുമെന്നത് രണ്ടാമത്തെ നേട്ടം. മധ്യ പൂര്‍വേഷ്യന്‍ മേഖലയിലെ പ്രക്ഷുബ്‌ധ അന്തരീക്ഷവും അരക്ഷിത ബോധവും മാറ്റി ഒന്ന് തണുപ്പിക്കാനും പദ്ധതി ഉപകരിക്കുമെന്ന് അമേരിക്കന്‍ ഉപദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അഭിപ്രായപ്പെട്ടു. പദ്ധതി സുതാര്യമാണെന്നതും അടിച്ചേല്‍പ്പിക്കുന്നതല്ലെന്നും ഉന്നത നിലവാരം പുലര്‍ത്തുന്നതാണ് എന്നതും ഇതിന്‍റെ ആകര്‍ഷണമാണെന്നു ഫൈനര്‍ പറഞ്ഞു.
ജി 20 ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ എടുക്കുന്ന നിലപാട് എന്താകുമെന്നും ഫൈനര്‍ വിശദീകരിച്ചു. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ക്കുമായിരിക്കും മുന്‍ഗണന. ഏകലോകത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഉച്ചകോടിയുടെ ആദ്യഭാഗത്ത് പ്രധാനമായും നടക്കുക.
റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശം മറ്റു പല രാജ്യങ്ങള്‍ക്കും ദോഷകരമായിട്ടുണ്ടെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടും. പല രാജ്യങ്ങളുടേയും ഊര്‍ജ്ജ-ഭക്ഷ്യ മേഖലകളിലെ ചെലവ് കുത്തനെ കൂടാന്‍ ഇത് കാരണമായി. പലിശ നിരക്കുകള്‍ ഉയര്‍ന്നതോടെ ഇവരുടെ കടവും പെരുകി. ലോക ബാങ്കിനുള്ള ധനസഹായം ഉയര്‍ത്താന്‍ ഇതിനകം തന്നെ ബൈഡന്‍ അമേരിക്കന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു കഴിഞ്ഞതാണ്. ഇതു വഴി ലോക ബാങ്കിന് 25 ബില്യണ്‍ ഡോളറിലേറെ സാമ്പത്തിക വായ്‌പകള്‍ അനുവദിക്കാനാവും.
ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനും പങ്കെടുക്കുന്നില്ലെങ്കിലും ജി 20 ഉച്ചകോടി പോലുള്ള രാജ്യാന്തര വേദികളെ ശക്തിപ്പെടുത്താനുള്ള നിലപാടിലാണ് വൈറ്റ് ഹൗസ്. യുക്രെയ്‌ൻ യുദ്ധത്തെക്കുറിച്ച് ഉച്ചകോടിയില്‍ ഒരു സംയുക്ത പ്രമേയം ഉരുത്തിരിയാനുള്ള സാധ്യത വിരളമാണെന്നും ജോൺ ഫൈനര്‍ അഭിപ്രായപ്പെട്ടു.