ന്യൂഡൽഹി : ഇരിങ്ങാലക്കുട കൂടൽമാണിക്യം നൃത്തോത്സവത്തിൽ മന്‍സിയക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. വിഷയത്തിൽ ഒരു ഹിന്ദുവെന്ന നിലയിലും ഇന്ത്യൻ പൗരനെന്ന നിലയിലും താൻ നിരാശനാണെന്ന് അദ്ദേഹം പറഞ്ഞു. കലയ്‌ക്ക് ജാതിയോ മതമോ ഇല്ലെന്നും എന്നാൽ ഈ സംഭവത്തിൽ കലയെ മതം കീഴടക്കിയിരിക്കുന്നുവെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
അപലപിച്ച് തരൂർ : മറ്റ് വിശ്വാസികൾ തങ്ങളുടെ മതങ്ങളിലേക്ക് ഇതരമതസ്ഥരെ ആകർഷിക്കാനാണ് ശ്രമിക്കുന്നത്. പള്ളികളുടെയും മോസ്‌കുകളുടെയും ഗുരുദ്വാരകളുടെയും സിനഗോഗുകളുടെയും വാതിലുകൾ എല്ലാവർക്കുമായി തുറന്നുകൊടുക്കുന്നു. ഒരു ജനപ്രതിനിധി എന്ന നിലയിൽ തിരുവനന്തപുരത്തെ സെന്‍റ് ജോസഫ് കത്തീഡ്രലിൽ ക്രിസ്‌മസ് ദിനം ആഘോഷിച്ചിട്ടുണ്ട്, ഈദ് ആഘോഷമാകട്ടെ പാളയം ജുമാ മസ്‌ജിദിലും.
അവരുടെ പുണ്യസ്ഥലങ്ങളിൽ ആദരവോടെയാണ് തന്നെ സ്വീകരിച്ചത്. ചില ഹിന്ദു ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ ഒരുപോലെ എല്ലാവരെയും സ്വാഗതം ചെയ്യുമെങ്കിലും ചിലയിടങ്ങളിൽ അങ്ങനെയല്ല. അത്തരം മനോഭാവത്തെ താൻ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര ബോർഡിന് വിമർശനം : അതേസമയം ക്ഷേത്രത്തിൽ നിലനിന്നുപോരുന്ന പാരമ്പര്യം അനുസരിച്ചാണ് തീരുമാനമെന്ന ക്ഷേത്ര ബോർഡ് ചെയർമാൻ പ്രദീപ് മേനോന്‍റെ വിശദീകരണവും തരൂർ ചൂണ്ടിക്കാട്ടി. പാരമ്പര്യങ്ങൾ കാലത്തിനനുസരിച്ച് മാറുന്നവയാണ്. ഒരു നൂറ്റാണ്ട് മുമ്പ് വരെ ദലിതർക്ക് പ്രവേശനം നിഷേധിക്കുന്ന ആചാരം എല്ലാ ക്ഷേത്രങ്ങളിലും നിലനിന്നിരുന്നു. എന്നാൽ ഇന്ന് അത്തരം ആചാരങ്ങളെ കുറിച്ച് ചിന്തിക്കാൻ കഴിയാത്ത സാഹചര്യമാണ്.
ശ്രീകോവിലിനുള്ളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള വിമുഖത മനസിലാക്കാൻ കഴിയും. എന്നാൽ ക്ഷേത്രപരിസരത്ത് നൃത്തം അനുവദിക്കാത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. ഭക്തിയോടെയും നൈപുണ്യത്തോടെയും നൃത്തം അവതരിപ്പിക്കുന്ന മൻസിയ ക്ഷേത്രത്തിന്‍റെ പവിത്രതയ്ക്ക് ഒരു ഭീഷണിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരതനാട്യ നർത്തകിയും ക്ലാസിക്കൽ നൃത്തത്തിൽ പിഎച്ച്‌ഡി ഗവേഷകയുമായ മൻസിയയ്ക്ക് അഹിന്ദുവെന്ന പേരിൽ നൃത്തോത്സവത്തിൽ അനുമതി നിഷേധിച്ചത് ഏറെ വിവാദമായിരുന്നു. നോട്ടിസിലടക്കം പേര് അച്ചടിച്ചതിന് ശേഷമാണ് ഭാരവാഹികൾ നൃത്തം അവതരിപ്പിക്കാൻ കഴിയില്ലെന്ന കാര്യം അറിയിച്ചത്.
വിവാഹത്തിന് ശേഷം മതം മാറിയോ എന്ന് ക്ഷേത്ര ഭാരവാഹികളിൽ ഒരാൾ ചോദിച്ചുവെന്നും മൻസിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ക്ഷേത്ര മതിൽക്കെട്ടിനകത്തായതിനാലാണ് മൻസിയയെ ഒഴിവാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.