മുംബൈ : രാജ്യം സ്വാതന്ത്ര്യം നേടി ദശാബ്‌ദങ്ങള്‍ക്കിപ്പുറവും സമൂഹത്തില്‍ ജാതിയെ കുറിച്ചുള്ള അവബോധം വര്‍ധിച്ചെന്ന് ശശി തരൂര്‍ എംപി. ടാറ്റാ ലിറ്ററേച്ചര്‍ ഫെസ്‌റ്റിവലില്‍ 'നഷ്‌ടപ്പെട്ട അംബേദ്‌കര്‍ പൈതൃകം' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചക്കിടെയാണ് കോൺഗ്രസ് എംപിയും എഴുത്തുകാരനുമായ ശശി തരൂരിന്‍റെ പ്രതികരണം.
പരിപാടിയില്‍ തരൂരിന്‍റെ 'അംബേദ്‌കര്‍: എ ലൈഫ്' എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു. നിലവില്‍ ഓരോ ജാതി വിഭാഗങ്ങളും അവരുടെ സ്വത്വത്തെ കുറിച്ച് ബോധവാന്മാരാണെന്നും ഈ സ്വത്വം രാഷ്‌ട്രീയ നീക്കത്തിന്‍റെ അടയാളമായി മാറിയിരിക്കുന്നുവെന്നും തരൂർ പറഞ്ഞു.
അംബേദ്‌കർ ജാതി വ്യവസ്ഥയെ പൂർണമായും തകര്‍ക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാല്‍ രാഷ്‌ട്രീയ പാര്‍ട്ടികളാല്‍ പിന്നെയും പിന്നെയും ഊട്ടി ഉറപ്പിക്കപ്പെട്ട ജാതി വ്യവസ്ഥയെ കുറിച്ച് മനസിലാക്കിയിരുന്നെങ്കില്‍ അദ്ദേഹം ഭയപ്പെട്ടേനെ എന്നും തരൂർ പറഞ്ഞു. പാർട്ടികൾ ജാതിയുടെ പേരില്‍ വോട്ട് തേടുന്നുണ്ടെന്ന് പറഞ്ഞ തരൂർ ജാതി വ്യവസ്ഥ തകര്‍ക്കപ്പെടാവുന്നതിലും എത്രയോ ദൂരത്താണെന്നും കൂട്ടിച്ചേര്‍ത്തു.
ജാതി വ്യവസ്ഥ ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമാകണമെന്ന് അംബേദ്‌കറും ജവഹര്‍ലാല്‍ നെഹ്‌റുവും ആഗ്രഹിച്ചു. ആധുനികവത്കരണത്തോടെ ഇത് സാധ്യമാകുമെന്നാണ് നെഹ്‌റു കരുതിയിരുന്നത്. അംബേദ്‌കർ ജാതി വ്യവസ്ഥയുടെ ഉന്മൂലനത്തിന് വേണ്ടി പോരാടിയത് ജാതി വ്യവസ്ഥയുടെ അവബോധം നിലനിൽക്കുന്നിടത്തോളം കാലം അടിച്ചമർത്തലുകളും നിലനിൽക്കുമെന്ന തോന്നലുകൊണ്ടാണ്.
മാട്രിമോണിയല്‍ പേജുകളുടെ സവിശേഷത തന്നെ ജാതിയാണ്. മുന്നോട്ടുപോകുമ്പോള്‍ പഴയ സ്‌കൂള്‍ ടൈ പോലെ ജാതിയും അപകടകരമല്ലാത്ത അടയാളമായി മാറുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.