ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരിനും കെ.വി തോമസിനും ഹൈക്കമാന്‍ഡിന്‍റെ അനുമതിയില്ല. സിപിഎം സെമിനാറില്‍ തരൂരും കെ.വി തോമസും പങ്കെടുക്കുന്നത് നേരത്തെ കെപിസിസി വിലക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇക്കാര്യം ശശി തരൂര്‍ ചര്‍ച്ച ചെയ്‌തെങ്കിലും കെപിസിസി വിലക്ക് മറികടക്കേണ്ടെന്നായിരുന്നു നിര്‍ദേശം.
വിഷയം വിവാദമാക്കിയതില്‍ സംസ്ഥാന നേതാക്കളെ ശശിതരൂര്‍ കോണ്‍ഗ്രസ് നേതാവ് പരോക്ഷമായി വിമര്‍ശിച്ചു. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച സെമിനാറില്‍ പങ്കെടുക്കാനും ക്ഷണം ലഭിച്ചിരുന്നുവെന്നും അപ്പോഴും താൻ കോണ്‍ഗ്രസ് അധ്യക്ഷയുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുകയായിരുന്നുവെന്നും തരൂർ പറഞ്ഞു.
'അനാവശ്യ വിവാദം'
'ഇത്തവണയും സമാനമായ രീതിയില്‍ വിഷയത്തെ സമീപിയ്ക്കാമായിരുന്നു. ചിലർ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരസ്യമാക്കുന്നതിന് മുൻഗണന നൽകി. അതുവഴി അനാവശ്യ വിവാദം സൃഷ്‌ടിച്ചതില്‍ ഞാൻ ഖേദിക്കുന്നു. ഭാവിയിൽ വിവേകമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു' - തരൂര്‍ പ്രസ്‌താവനയിൽ പറഞ്ഞു.
'സിപിഎമ്മിന്‍റെ കേന്ദ്രകമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയാണ്. ദേശീയതലത്തിൽ കോണ്‍ഗ്രസ് സിപിഎമ്മുമായി സഹകരിയ്ക്കുന്നുണ്ട്. കേരളത്തിലെ ഒരു വിഷയത്തെ കുറിച്ചല്ല സെമിനാര്‍, മറിച്ച് ഇരു പാർട്ടികൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ലാത്ത കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിലാണ്. ഈ കാരണങ്ങള്‍ കൊണ്ടാണ് സെമിനാറില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചത്. വിഷയത്തിൽ കോണ്‍ഗ്രസ് അധ്യക്ഷയുടെ അഭിപ്രായം മാനിയ്ക്കുന്നു. സെമിനാറില്‍ പങ്കെടുക്കാനാകില്ലെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ട്' - തരൂർ വിശദീകരിച്ചു.
കെപിസിസി വിലക്ക്
ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സെമിനാറുകളിൽ പങ്കെടുക്കാൻ തിരുവനന്തപുരം എംപി കൂടിയായ ശശി തരൂരിനേയും മുൻ കേന്ദ്രമന്ത്രി കെ.വി തോമസിനേയും സിപിഎം ക്ഷണിച്ചിരുന്നു. എന്നാല്‍ സിപിഎം സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസിന്‍റെ സംസ്ഥാന ഘടകം എതിര്‍പ്പുയര്‍ത്തി.
കെ റെയിൽ വിഷയത്തില്‍ സംസ്ഥാന സർക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് നേതാക്കളെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. സിപിഎം സംഘടിപ്പിക്കുന്ന പരിപാടിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് ജനങ്ങൾക്ക് ഇഷ്‌ടമല്ലെന്നും ശശി തരൂരിന് പങ്കെടുക്കണമെങ്കില്‍ സോണിയ ഗാന്ധിയുടെ അനുമതി വാങ്ങി അതനുസരിച്ച് പ്രവർത്തിയ്ക്കാമെന്നുമായിരുന്നു സുധാകരന്‍റെ നിലപാട്.
Also read: പത്മഭൂഷണ്‍ ഏറ്റുവാങ്ങി ഗുലാം നബി ആസാദ് ; പത്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് രാഷ്ട്രപതി