ന്യൂഡൽഹി : മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. പ്രധാനമന്ത്രി പാർലമെന്‍റിന് പുറത്ത് മധ്യമങ്ങളോട് സംസാരിച്ചുവെന്നും പാർലമെന്‍റിനകത്തും അദ്ദേഹം മണിപ്പൂർ വിഷയത്തിൽ തന്‍റെ ശബ്‌ദം ഉയർത്തണമെന്നാണ് ആഗ്രഹമെന്നും ശശി തരൂർ പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്രയും കാലം നിശബ്‌ദത പാലിച്ചതിൽ അഗാധമായ ഉത്കണ്‌ഠയുണ്ട്. അതിന്‍റെ കാരണം ഞങ്ങൾക്ക് ആർക്കും തന്നെ മനസിലാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ അദ്ദേഹം ഇപ്പോൾ മൗനം വെടിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇപ്പോൾ പാർലമെന്‍റിൽ ഈ വിഷയത്തിൽ ചർച്ച ചെയ്യാൻ അദ്ദേഹത്തെ സമീപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു' -ശശി തരൂർ പറഞ്ഞു.
'പ്രധാനമന്ത്രി പാർലമെന്‍റിന് പുറത്ത് ഇന്ന് മാധ്യമങ്ങളോട് സംസാരിച്ചു. അദ്ദേഹം തന്‍റെ ശബ്‌ദം ഇപ്പോഴെങ്കിലും ഉയർത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. ഇനി അദ്ദേഹം തന്‍റെ ശബ്‌ദം പാർലമെന്‍റിനുള്ളിലേക്കും കൊണ്ടുവരട്ടെ. പ്രധാനമന്ത്രി മോദി തന്‍റെ മനോവേദന ഞങ്ങളോടെല്ലാം പങ്കുവയ്‌ക്കണം. എന്തുകൊണ്ടാണ് മണിപ്പൂരിൽ ഇതുവരെ പ്രവർത്തിക്കാത്തതെന്ന് വ്യക്തമാക്കണം' -തരൂർ കൂട്ടിച്ചേർത്തു.
മൗനം വെടിഞ്ഞ് മോദി : അതേസമയം മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന അക്രമ സംഭവങ്ങളിൽ ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പ്രതികരിച്ചത്. മണിപ്പൂരിൽ രണ്ട് സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി നഗ്നരാക്കി ജനമധ്യത്തില്‍ നടത്തുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് മോദി മൗനം വെടിഞ്ഞത്. മണിപ്പൂരിൽ സ്‌ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾ രാജ്യത്തെയാകെ നാണം കെടുത്തിയെന്നും കുറ്റക്കാർക്കെതിരെ യാതൊരു ദയയും ഉണ്ടാകില്ലെന്നും മോദി പറഞ്ഞു.
'സങ്കടവും രോഷവും നിറഞ്ഞ നാടായാണ് മണിപ്പൂരിനെ ഇപ്പോൾ കാണാൻ കഴിയുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന സംഭവം ലജ്ജാകരം മാത്രമല്ല, നാഗരികതയുടെ തത്വങ്ങൾക്ക് വിരുദ്ധവുമാണ്. ഏതാനും വ്യക്തികളുടെ പ്രവര്‍ത്തികള്‍ അവര്‍ക്ക് മാത്രമല്ല, രാജ്യത്തിന്‍റെ പ്രശസ്‌തിക്കാണ് കളങ്കമുണ്ടായത്. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ ഒരിക്കലും ആവർത്തിക്കില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണം.
പ്രത്യേകിച്ച് നമ്മുടെ അമ്മമാരുടെയും പെൺമക്കളുടെയും സുരക്ഷയും അന്തസും കാത്തുസൂക്ഷിക്കണം. ഈ വിഷയത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയ ചർച്ചകൾ ഉണ്ടാകുമെങ്കിലും, നീതി ഉറപ്പാക്കാൻ നാമെല്ലാവരും ഒത്തുചേരുകയും നിർണായക നടപടി സ്വീകരിക്കുകയും വേണം. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആർക്കും നിയമത്തിന്‍റെ മുന്നിൽ ഒരു ദയയും ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. നീതിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും ദുർബലരായവരെ സംരക്ഷിക്കുന്നതും കൂട്ടായ ഉത്തരവാദിത്തമാണ്' -മോദി പറഞ്ഞു.
കുക്കി വിഭാഗത്തിലെ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം കൂട്ടബലാത്സംഗത്തിന് ഇരയാക്കി നഗ്നരാക്കി റോഡിലൂടെ നടത്തിച്ചതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഐടിഎല്‍എഫ് എന്ന കുക്കി സംഘടനയാണ് വിവരം പുറത്തുവിട്ടത്. സംഭവത്തില്‍ വൻ പ്രതിഷേധമാണ് രാജ്യത്താകെ ഉയരുന്നത്.
ഇംഫാലില്‍ നിന്ന് 35 കിലോമീറ്റർ മാറി കാൻഗ്‌പോക്‌പി ജില്ലയില്‍ മെയ് നാലിന് നടന്നതാണ് ഈ ക്രൂര പീഡനം എന്നാണ് ഐടിഎല്‍എഫ് പറയുന്നത്. സംഭവത്തിന് പിന്നിൽ മെയ്‌തി വിഭാഗമാണെന്നാണ് കുക്കി സംഘടനയുടെ ആരോപണം.