ന്യൂഡൽഹി: പ്രതിപക്ഷത്തിന്‍റെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാർഥി ആരാകുമെന്ന അഭ്യൂഹങ്ങൾക്കിടെ എൻസിപി അധ്യക്ഷൻ ശരദ് പവാർ അതാകില്ലെന്ന് സ്ഥിരീകരിച്ച് എൻസിപി എംപി പ്രഫുൽ പട്ടേൽ. ശരദ് പവാർ പ്രധാനമന്ത്രി സ്ഥാനാർഥി ആയിരുന്നില്ല, ആകുകയുമില്ല. എന്നാൽ അദ്ദേഹത്തിന് വിവിധ ആശയധാരയിലുള്ള ആളുകളെയും ആദര്‍ശങ്ങളെയും ഒരുമിച്ചുകൊണ്ടുവരാൻ കഴിയുമെന്നും പട്ടേൽ പറഞ്ഞു. എൻസിപി അധ്യക്ഷനായി ശരദ് പവാർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രഫുൽ പട്ടേലിന്‍റെ പരാമർശം.
ശരദ് പവാർ താൻ പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്ന തരത്തില്‍ പ്രസ്‌താവന നടത്തിയിട്ടില്ല. ഞങ്ങൾക്ക് യാഥാർഥ്യത്തെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. പരിമിതികൾ എന്തെന്ന് അറിയാം. മറ്റ് പാർട്ടികളെ അപേക്ഷിച്ച് ഞങ്ങളുടെ പാർട്ടി ചെറുതാണ്. എന്നാൽ ഞങ്ങളുടെ നേതൃത്വം വലുതാണ്. ശരദ് പവാർ പ്രതിപക്ഷ മുഖമാവില്ല, പ്രതിപക്ഷ നേതാവുമാകില്ല. എന്നാല്‍ ജനങ്ങൾക്കിടയിലും പാർട്ടികൾക്കിടയിലും പരസ്‌പര വിശ്വാസം സൃഷ്‌ടിക്കാൻ ശരദ് പവാറിന് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജ്യത്ത് ഭരിക്കുന്ന സര്‍ക്കാരിനെ ആരായിരിക്കും നയിക്കുകയെന്ന ചോദ്യം എല്ലായ്‌പ്പോഴും ഉയരും. വിവിധ ആളുകളെയും പ്രത്യയശാസ്ത്രങ്ങളെയും ഒരുമിച്ച് കൊണ്ടുവരാന്‍ കഴിയുന്ന ശക്തനായ നേതാവാണ് ശരദ് പവാര്‍. പ്രതിപക്ഷത്തിന്‍റെ പങ്ക് ഞങ്ങള്‍ നിര്‍വഹിക്കും. ബദലായിരിക്കുമെന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
23 വർഷങ്ങൾ കൊണ്ട് എൻസിപിക്ക് ദേശീയ പാർട്ടിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇന്നത്തെ രാഷ്‌ട്രീയാന്തരീക്ഷം കണക്കിലെടുക്കുമ്പോൾ എൻസിപി ഭാവിയിൽ ഒരു പ്രധാന പങ്ക് വഹിക്കും. അതിൽ ശരദ് പവാറിനും നിർണായക പങ്കുണ്ടായിരിക്കുമെന്ന് പട്ടേൽ പറഞ്ഞു. ഞങ്ങൾക്ക് കോൺഗ്രസുമായി യാതൊരു പ്രശ്‌നവുമില്ല. മുൻപ് യുപിഎയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിച്ചതും അദ്ദേഹം ഓര്‍മിപ്പിച്ചു.
ബിജെപിക്കെതിരെ സമാന ചിന്താഗതിക്കാരായ പാർട്ടികളെയും നേതാക്കളെയും ഒന്നിപ്പിക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെ ശ്രമങ്ങൾക്കിടെയാണ് പട്ടേലിന്‍റെ പ്രഖ്യാപനം. അടുത്തിടെ കെസിആർ ബിഹാർ സന്ദർശിക്കുകയും നിതീഷ് കുമാറുമായി വേദി പങ്കിടുകയും ചെയ്‌തിരുന്നു.