ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ശരദ് യാദവിന്‍റെ ലോക് താന്ത്രിക് ജനത ദള്‍ രാഷ്ട്രീയ ജനത ദളില്‍ ലയിച്ചു. ബിജെപിക്കെതിരെ ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്ന ലഷ്യത്തോടെയാണ് ലയനം. ആർജെഡി നേതാവ് തേജസ്വി യാദവ് പാർട്ടിയിലേക്ക് ശരദ് യാദവിനെ സ്വാഗതം ചെയ്തു.
ബിജെപി വിരുദ്ധ പാർട്ടികൾ ഒന്നിക്കാനുള്ള സന്ദേശമാണിതെന്ന് തേജസ്വി യാദവ് പറഞ്ഞു. ശാരീരിക പ്രശ്നങ്ങള്‍ കാരണം യരദ് യാദവ് ഏറെ നാളായി രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നില്ല. ജെ.ഡി.യു വിട്ട ശേഷം ഇദ്ദേഹത്തിനും പാര്‍ട്ടിക്കും കാര്യമായ നേട്ടങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.
അതിനാല്‍ തന്നെ തന്‍റെയൊപ്പമുള്ളവരെ നില നിര്‍ത്തുകയെന്ന തന്ത്രത്തിന്‍റെ ഭാഗമാണ് ലയനമെന്ന് വിലയിരുത്തപ്പെടുന്നു. പ്രതിപക്ഷ പാർട്ടികളുടെ ഐക്യമാണ് തന്റെ മുൻഗണനയെന്നാണ് ശരദ് യാദവിന്‍റെ പക്ഷം. ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ രാജ്യവ്യാപകമായി കൈകോർക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാരിനെതിരെ രാജ്യത്ത് ചിതറിക്കിടക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ പ്രതിപക്ഷത്തെയാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
ലാലു പ്രസാദ് യാദവ് അടക്കമുള്ള മൂന്ന് നേതാക്കളും തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ അവസാന നാളുകളിലാണുള്ളത്. 1997ലാണ് ലാലു പ്രസാദ് ജനതാദള്‍ വിട്ടത്. കാലിത്തീറ്റ കുംഭകോണം അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു തീരുമാനം.