മുംബൈ (മഹാരാഷ്‌ട്ര): എൻസിപി അധ്യക്ഷൻ ശരദ് പവാറിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഐടി വിദഗ്‌ധൻ അറസ്റ്റിൽ. സാഗർ ബാർവെ എന്ന 34 കാരനെയാണ് പൂനെയില്‍ വെച്ച് മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തത്. ഇയാൾ ഐടി കമ്പനിയിൽ ജോലി ചെയ്‌ത് വരികയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
മെയ് 9 നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. വാട്ട്‌സ്ആപ്പിലൂടെയാണ് പ്രതി ശരദ് പവാറിനെതിരെ വധഭീഷണി മുഴക്കിയത്. തുടർന്ന് തന്‍റെ പിതാവിന് ഭീഷണി സന്ദേശം ലഭിച്ചതായി കാണിച്ച് ശരദ് പവാറിന്‍റെ മകൾ സുപ്രിയ സുലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു
വളരെ തരംതാഴ്‌ന്ന രാഷ്‌ട്രീയമാണ് ഇതെന്നായിരുന്നു സുപ്രിയ സുലെയുടെ പ്രതികരണം. ഇത്തരം ചെയ്‌തികൾ ഉടൻ അവസാനിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. "ഒരു വെബ്‌സൈറ്റ് വഴിയാണ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്.
നീതി ആവശ്യപ്പെട്ടാണ് ഞാൻ പൊലീസിനെ സമീപിച്ചത്. മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും വിഷയത്തില്‍ ഇടപെടണം. ഇത്തരം പ്രവർത്തനങ്ങൾ വളരെ താഴ്ന്ന തലത്തിലുള്ള രാഷ്‌ട്രീയത്തെയാണ് കാണിക്കുന്നത്. അത് ഉടൻ അവസാനിപ്പിക്കണം," സുലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാഷ്‌ട്രീയം മാറ്റിവെച്ച് ആഭ്യന്തര വകുപ്പ് ഇക്കാര്യത്തിൽ ഇടപെടേണ്ടതുണ്ടെന്ന് പറഞ്ഞ സുലെ ഇത്തരം കേസുകളിൽ കൃത്യമായ നീതി ലഭിച്ചില്ലെങ്കിൽ, അതിന് കേന്ദ്ര-സംസ്ഥാന ആഭ്യന്തര വകുപ്പുകൾ ഉത്തരവാദികളായിരിക്കുമെന്നും കൂട്ടിച്ചേർത്തു. അതേസമയം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചൊവ്വാഴ്‌ച (ജൂൺ 13) വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. എൻസിപി അധ്യക്ഷന് വധഭീഷണി അയക്കുന്നതിനായി പ്രതി രണ്ട് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്‌ടിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
ഇതിനിടെ 2013ൽ വെടിയേറ്റ് കൊല്ലപ്പെട്ട നരേന്ദ്ര ദാഭോൽക്കറിന് സംഭവിച്ച അതേ ഗതി നേരിടേണ്ടിവരുമെന്ന് പവാറിന് ഫേസ്ബുക്കിൽ സന്ദേശം ലഭിച്ചതായി എൻസിപി നേതാക്കൾ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷ നിയമത്തിലെ (ഐപിസി) 153(എ), 504, 506(2) വകുപ്പുകൾ പ്രകാരം രണ്ട് പേർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു.
വധഭീഷണിയെ തുടർന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മുൻ മുഖ്യമന്ത്രി കൂടിയായ ശരദ് പവാറിന്റെ സുരക്ഷ ശക്തമാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. എൻസിപിയുമായി ആശയപരമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പ്രതിപക്ഷത്തെ പ്രമുഖ നേതാവിനെ ഭീഷണിപ്പെടുത്തുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പറഞ്ഞിരുന്നു.
പുതിയ വർക്കിങ് പ്രസിഡന്‍റുമാർ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് (എൻസിപി) രണ്ട് പുതിയ വർക്കിങ് പ്രസിഡന്‍റുമാരെ പാർട്ടി അധ്യക്ഷൻ ശരദ് പവാർ പ്രഖ്യാപിച്ചു. സുപ്രിയ സുലെ, പ്രഫുൽ പട്ടേൽ എന്നിവരാണ് പുതിയ വർക്കിങ് പ്രസിഡന്‍റുമാർ. എൻസിപിയുടെ 25-ാം വാർഷികാഘോഷ പരിപാടികൾ ഡല്‍ഹിയില്‍ നടക്കുന്നതിനിടെ ആയിരുന്നു ശരദ് പവാറിന്‍റെ പ്രഖ്യാപനം.
ശരദ് പവാറിന്‍റെ മകളും പൂനെ ജില്ലയിലെ ബാരാമതിയില്‍ നിന്നുള്ള ലോക്‌സഭ എംപിയുമാണ് സുപ്രിയ സുലെ. എൻസിപിയുടെ വനിത -യുവജന വിഭാഗത്തിന്‍റെ ചുമതല സുപ്രിയ സുലെയ്ക്കാണ്. നിലവില്‍ എൻസിപി ദേശീയ വൈസ് പ്രസിഡന്‍റും രാജ്യസഭ എംപിയുമായ പ്രഫുല്‍ പട്ടേല്‍ മുൻ കേന്ദ്ര വ്യോമയാന മന്ത്രിയും ഫിഫ കൗൺസില്‍ അംഗവുമാണ്.
READ MORE: എൻസിപിക്ക് രണ്ട് വർക്കിങ് പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ച് ശരദ് പവാർ