മുംബൈ: ന്യൂനപക്ഷ സമുദായത്തിന് അവർ ആഗ്രഹിക്കുന്ന രീതിയില്‍ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നത് വാസ്‌തവമാണെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാർ. രാഷ്‌ട്രീയ രംഗത്താവട്ടെ മറ്റ് സാമൂഹിക വിഷയങ്ങളിലാവട്ടെ ഇതുതന്നെയാണ് അവസ്ഥ. തൊഴിലില്ലായ്‌മ എല്ലാ സമുദായങ്ങളും നേരിടുന്ന വിഷയമാണെങ്കിലും ന്യൂനപക്ഷത്തിന് ലഭിക്കേണ്ട പ്രാതിനിധ്യം പോലും ലഭിക്കാത്ത സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്‌ച (ഒക്‌ടോബര്‍ 9) നടന്ന വിദർഭ മുസ്‌ലിം ഇന്‍റലക്ച്വൽ ഫോറം സംഘടിപ്പിച്ച 'ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു എൻസിപി അധ്യക്ഷൻ. രാഷ്‌ട്രീയ രംഗത്തുപോലും നല്ല രൂപത്തില്‍ മുസ്‌ലിങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ല. എന്നാല്‍, തങ്ങളുടെ എട്ട് എംപിമാരിൽ രണ്ട് പേർ മുസ്‌ലിങ്ങളാണ്. അവരിൽ ഒരാൾ സ്‌ത്രീയുമാണ്. സംവരണമെന്ന പാര്‍ട്ടി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ജോലി സംബന്ധിച്ച് നോക്കിയാല്‍ മുസ്‌ലിങ്ങളുടെ എണ്ണം ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. കലാരംഗത്ത് ന്യൂനപക്ഷങ്ങളുടെ സംഭാവന വളരെ വലുതാണ്. അതിനുപിന്നിൽ ഉറുദു ഭാഷ പ്രധാന പങ്കുവഹിച്ചു. ബോളിവുഡിലും മുസ്‌ലിങ്ങളുടെ സംഭാവന നിഷേധിക്കാനാവില്ലെന്നും പവാര്‍ പറഞ്ഞു.