ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ശക്തിസിങ് ഗോഹിൽ. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുന്നത് തടയാൻ സാർവത്രിക വാക്‌സിനേഷനിലൂടെ 60 ശതമാനം ജനങ്ങൾക്ക് വാക്‌സിൻ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാക്‌സിൻ നൽകുന്നതിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ എഴുപത്തിയേഴാം സ്ഥാനത്തായത് വളരെ സങ്കടമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യു.കെ, യു.എസ് തുടങ്ങിയ രാജ്യങ്ങൾ വളരെ വേഗത്തിൽ ജനസംഖ്യയുടെ 80 ശതമാനം പേർക്ക് വാക്‌സിൻ നൽകിയെന്നും വാക്‌സിനേഷൻ വളരെ വിജയകരമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ആദ്യ ഘട്ടത്തിൽ കേന്ദ്രം ജനങ്ങൾക്ക് വാക്‌സിൻ നൽകാതെ ആറ് കോടി വാക്‌സിൻ ഡോസുകൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്‌ക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ ജനസംഖ്യയുടെ 10.08 ശതമാനം പേർ മാത്രമാണ് ഒന്നാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. അതുപോലെ തന്നെ 2.8 ശതമാനം ജനങ്ങൾ മാത്രമാണ് രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കുന്നത്. സർക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങളാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
2020 ഒക്‌ടോബർ 16ന് പാർലമെന്‍റ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ സ്‌റ്റാൻഡിംഗ് കമ്മിറ്റി നൽകിയ നിർദേശങ്ങൾ പൂർണമായും കേന്ദ്രം അവഗണിച്ചെന്നും ശക്തിസിങ് ഗോഹിൽ ആരോപിച്ചു. രാജ്യത്തുടനീളം സൗജന്യമായി വാക്‌സിൻ നൽകേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ നടപടിയെടുക്കാൻ കേന്ദ്രം വൈകിയെന്നും കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ സംസ്ഥാനങ്ങളോട് സ്വയം ക്രമീകരിക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം വിമർശിച്ചു. കേന്ദ്രത്തിന്‍റെ തെറ്റായ നയങ്ങളും തീരുമാനങ്ങളും വലിയൊരു ദുരന്തത്തിലേക്കാണ് എത്തിച്ചേരുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാത്രമല്ല കൊവിഡ് വാക്‌സിന്‍റെ പേറ്റന്‍റ് ഒഴിവാക്കുക, ട്രേഡ് സീക്രട്ട്, കോപ്പി റൈറ്റ്, വ്യാവസായിക പ്രക്രിയ തുടങ്ങിയവയിൽ വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ മാത്രമേ 1970 ലെ സെക്ഷൻ 92 പ്രകാരം, നമ്മുടെ രാജ്യത്തെ കമ്പനികളിൽ വാക്‌സിൻ നിർമിക്കാനും സാർവത്രിക വാക്‌സിനേഷൻ നടത്താൻ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്നതിനായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.