ന്യൂഡൽഹി: വന്‍ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും രാജ്യത്ത് അധികാരത്തില്‍ എത്തുമെന്നും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകുമെന്നും പാര്‍ട്ടിയുടെ ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍. ഗുജറാത്തില്‍ ബിജെപി നേടിയ ചരിത്ര വിജയം ഇതിനുള്ള ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. 'ഗുജറാത്തിലെ ജനങ്ങള്‍ വികസനം ആഗ്രഹിക്കുന്നു എന്ന സന്ദേശമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ജയം നല്‍കുന്നത്. പാര്‍ട്ടിയുടെ മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കാന്‍ ആം ആദ്‌മി പാര്‍ട്ടിയും കോണ്‍ഗ്രസും ശ്രമിച്ചു. എന്നാല്‍ ഗുജറാത്തിലെ ജനങ്ങള്‍ ആരുടെയും ചൂണ്ടകളില്‍ കുടുങ്ങിയില്ല. അവര്‍ നരേന്ദ്ര മോദിയെ പിന്തുണച്ചു', ഷാനവാസ് ഹുസൈന്‍ പറഞ്ഞു.
ഹിമാചല്‍ പ്രദേശില്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ബിജെപിക്ക് വിജയിക്കാനായില്ലെന്ന് ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ പ്രതികരിച്ച് ബിജെപി നേതാവ് പറഞ്ഞു. 'മുലായം സിങ് യാദവിനോടുള്ള ആദരസൂചകമായി മെയിന്‍പൂരിലെ ജനങ്ങള്‍ സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ടു ചെയ്‌തു. എന്നാല്‍ രാംപൂരില്‍ ഞങ്ങള്‍ താമര വിരിയിച്ചു. ഇനിയും അവിടെ താമര വിരിയും. രാംപൂര്‍ അസംഖാന്‍റെ വീടും എസ്‌പിയുടെ ശക്തികേന്ദ്രവുമാണ്. ആ കോട്ട തകര്‍ക്കപ്പെടും. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 80 സീറ്റുകളിലും ബിജെപി വിജയിക്കും. ഏഴ് പാര്‍ട്ടികള്‍ ഒന്നിച്ച് നിന്നിട്ടും കുര്‍ഹാനി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചില്ലേ, 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളിലും ഞങ്ങള്‍ വിജയിക്കുമെന്ന് ഇത് കാണിക്കുന്നു. 2025 ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടും', ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതികരിച്ചു കൊണ്ട് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.
ഗുജറാത്തില്‍ താമര വസന്തം: ഗുജറാത്തിൽ ചരിത്ര വിജയത്തോടെ ബിജെപി അധികാരത്തിലെത്തിയപ്പോൾ ഹിമാചൽ പ്രദേശിൽ അഞ്ച് വർഷത്തിന് ശേഷം കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ 182 അസംബ്ലി സീറ്റുകളിൽ 156 സീറ്റുകളും ബിജെപി നേടി. മുൻ റെക്കോർഡുകളെല്ലാം തകർത്തു കൊണ്ടാണ് ബിജെപിയുടെ ജയം. 68 അംഗ ഹിമാചൽ നിയമസഭയിൽ 40 സീറ്റുകൾ നേടിയാണ് കോൺഗ്രസ് ഭരണം പിടിച്ചെടുത്തത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച എഎപി അഞ്ച് സീറ്റുകള്‍ നേടി ഗുജറാത്ത് നിയമസഭയില്‍ കന്നി പ്രവേശനം നടത്തി. എഎപി ഇപ്പോള്‍ ദേശീയ പാര്‍ട്ടി പദവി നേടിയതായി നേതാക്കള്‍ പ്രഖ്യാപിച്ചു. ഗുജറാത്തില്‍ 17 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും മോശം പ്രകടനം നടത്തി. മൂന്ന് സീറ്റുകൾ സ്വതന്ത്രരും സമാജ്‌വാദി പാർട്ടിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. തുടര്‍ച്ചയായ ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി വിജയിക്കുന്നത്.
സമാജ്‌വാദി പാര്‍ട്ടിയെ കൈവിടാതെ മെയിൻപൂരി: ഹിമാചൽ പ്രദേശിൽ കോൺഗ്രസ് 40 സീറ്റുകൾ നേടിയപ്പോൾ ബിജെപി 25 സീറ്റുകളാണ് നേടിയത്. സ്വതന്ത്രർ മൂന്ന് സീറ്റുകൾ നേടി. എന്നാല്‍ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ എഎപിക്ക് സാധിച്ചില്ല. തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ രാജിവച്ചു. മെയിൻപൂരി ലോക്‌സഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർഥി ഡിംപിൾ യാദവ് രണ്ടര ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എസ്‌പി സ്ഥാപകനും നേതാവുമായ മുലായം സിങ് യാദവ് ഈ വർഷം ഒക്‌ടോബറിൽ അന്തരിച്ചതിനെ തുടർന്ന് സമാജ്‌വാദി പാർട്ടിയുടെ കോട്ടയായ ഈ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു.
രാംപൂര്‍ എസ്‌പിയെ തുണച്ചില്ല: എസ്‌പി കോട്ടയായ രാംപൂർ സീറ്റിൽ ബിജെപിയും ഉത്തർപ്രദേശിലെ ഖതൗലി സീറ്റിൽ രാഷ്‌ട്രീയ ലോക്‌ദളും (ആർഎൽഡി) വിജയിച്ചു. സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്‍റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന രാംപൂർ സദർ നിയമസഭ മണ്ഡലത്തിലെ കോട്ട ഭേദിക്കാൻ ബിജെപിക്ക് കഴിഞ്ഞത് ഇതാദ്യമായാണ്. ബിജെപി സ്ഥാനാർഥി ആകാശ് സക്‌സേന എതിരാളിയായ അസിം രാജയെ 34,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
രാജസ്ഥാനിലെ സർദാർഷഹർ നിയമസഭ ഉപതെരഞ്ഞെടുപ്പിലും ഛത്തീസ്‌ഗഡിലെ ഭാനുപ്രതാപൂരിലും ഭരണകക്ഷിയായ കോൺഗ്രസ് വിജയിച്ചു. വടക്കൻ ബിഹാറിലെ കുർഹാനി നിയമസഭ മണ്ഡലത്തില്‍ ബിജെപി വിജയിച്ചു. ഒഡിഷയിലെ പദ്‌മപൂർ നിയമസഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെഡിക്കാണ് വിജയം.