മഥുര(യുപി) : ഷാഹി ഈദ്ഗാഹ് മസ്‌ജിദ് പൊളിച്ച് നീക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലുളള അടുത്ത വാദം കേള്‍ക്കല്‍ മഥുര അതിവേഗ കോടതി ജൂലായ് 20ലേക്ക് മാറ്റി. ഉത്തര്‍പ്രദേശിലെ ബാര്‍ കൗണ്‍സില്‍ അഭിഭാഷകര്‍ക്ക് വെളളിയാഴ്‌ച(മേയ് 20) അവധി നല്‍കിയതിനാല്‍ വാദം കേള്‍ക്കുന്നത് മാറ്റിയെന്ന് ഹര്‍ജിക്കാരന്‍റെ അഭിഭാഷകന്‍ ദീപക് ശര്‍മയാണ് അറിയിച്ചത്.
കത്ര കേശവ് ദേവ് ക്ഷേത്രത്തിന്‍റെ ഭൂമിയില്‍ നിന്ന് ഷാഹി മസ്‌ജിദ് പൊളിച്ചുനീക്കണം എന്നാവശ്യപ്പെട്ട് നാഗബാബയുടെ ശിഷ്യന്‍ ഗോപാല്‍ ബാബ എന്നയാളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2021 സെപ്റ്റംബര്‍ 20നാണ് കൃഷ്‌ണന്‍റെ ശിഷ്യനാണെന്ന് അവകാശപ്പെട്ട് 13.37 ഏക്കര്‍ ഭൂമിയുടെ ഉടമസ്‌ഥാവകാശത്തിന് ഗോപാല്‍ ബാബ സിവില്‍ ജഡ്‌ജിയുടെ(സീനിയര്‍ ഡിവിഷന്‍) കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തത്.
തുടര്‍ന്ന് മഥുര ജില്ല ജഡ്‌ജിയുടെ ഉത്തരവനുസരിച്ച് കേസില്‍ വാദം കേള്‍ക്കുന്നതിനായി അഡീഷണല്‍ സിവില്‍ ജഡ്‌ജി (അതിവേഗ കോടതി) നീരജ് ഗൗണ്ടിനെ ഏല്‍പ്പിച്ചു. ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ്, ഇന്‍റെസാമിയ കമ്മിറ്റി, ഷാഹി മസ്‌ജിദ് ഈദ്ഗാഹ്, ശ്രീകൃഷ്‌ണ ജന്മസ്ഥാൻ സേവാ സൻസ്ഥാൻ, ശ്രീകൃഷ്‌ണ ജന്മഭൂമി ട്രസ്റ്റ് എന്നിവരാണ് കേസിലെ പ്രതികൾ.
മഥുരയിലെ വിവിധ കോടതികളിലായി ഇതുവരെ സമാനമായ ആവശ്യങ്ങളുള്ള (ഷാഹി മസ്‌ജിദ് ഈദ്ഗാഹ് മാറ്റുന്നത്) 11 കേസുകളാണ് ഫയൽ ചെയ്‌തിട്ടുളളത്. കൃഷ്‌ണന്‍ ജനിച്ചതായി അവകാശവാദം ഉന്നയിക്കപ്പെടുന്ന 'ശ്രീകൃഷ്‌ണ ജന്മഭൂമി'ക്കടുത്താണ് ഈദ്ഗാഹ് സ്ഥിതി ചെയ്യുന്നത്.