മുംബൈ : ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ വിഖ്യാത ഗായിക ലത മങ്കേഷ്‌കറിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ദുഃആ ചെയ്‌തത് വിവാദമാക്കിയിരിക്കുകയാണ് സംഘപരിവാര്‍. ലതാജിയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാര്‍ഥിച്ച താരം തന്‍റെ മാസ്‌ക് മാറ്റി മൃതദേഹത്തിലേക്ക് ഊതിയിരുന്നു. എന്നാല്‍ താരം തുപ്പി എന്ന രീതിയിലാണ് സംഘപരിവാര്‍ സംഘടനകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നത്. ഷാരൂഖ് ഖാനെതിരെ കടുത്ത സൈബര്‍ ആക്രമണവും നടക്കുന്നു.
എന്താണ് സംഭവിച്ചത് ?
ലക്ഷക്കണക്കിന് ആരാധകർ ലതാജിക്ക് വേണ്ടി പ്രാർഥിച്ചതുപോലെ, ഇസ്ലാമിക പാരമ്പര്യമനുസരിച്ച് ഷാരൂഖ് ഖാനും തന്‍റെ ഇരുകൈകളും നീട്ടി പ്രാർഥിച്ചു. ഭൗതിക ശരീരത്തിന് മുന്നിൽ ഷാരൂഖ് പ്രിയ ഗായികയുടെ ആത്മാവിന് നിത്യ ശാന്തിക്ക് വേണ്ടി ദുഃആ ചെയ്യുകയായിരുന്നു. 12 സെക്കൻഡ് പ്രാർഥിച്ച താരം മാസ്‌ക് നീക്കം ചെയ്‌ത് ചെറുതായി കുനിഞ്ഞ് ലതാജിയുടെ ശരീരത്തിൽ ഊതി.
ഇസ്ലാമിൽ ഊതുന്ന പാരമ്പര്യം എന്താണ് ?
രണ്ട് കൈകളും നെഞ്ചിലേക്ക് ഉയർത്തിയാണ് ഇസ്ലാമിക പാരമ്പര്യമനുസരിച്ച് അല്ലാഹുവിനോട് പ്രാർഥിക്കുന്നത്. ആരുടെയെങ്കിലും മുന്നിൽ സഹായഹസ്‌തം നീട്ടുന്നത് പോലെയാണ് കൈകൾ ഒരുമിച്ച് നീട്ടി അല്ലാഹുവിനോട് അപേക്ഷിക്കുന്നത്. ഇതാണ് സംഘപരിവാര്‍ മതവിദ്വേഷപ്രചരണത്തിന് ഉപയോഗിച്ചത്.
ഷാരൂഖ് ഖാൻ തന്‍റെ രീതിയിൽ പ്രാര്‍ഥിക്കുകയായിരുന്നുവെന്നും ഇത്രയും വലിയ കലാകാരനെ മതത്തിന്‍റെ പേരിൽ ആക്ഷേപിക്കുന്നത് അപലപനീയമാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. കൂടാതെ നടിയും ശിവസേന നേതാവുമായ ഊര്‍മിള മണ്ഡോദ്‌കറും താരത്തെ പിന്‍തുണച്ച് രംഗത്തെത്തി.
'പ്രാര്‍ഥനയെ തുപ്പുന്നുവെന്ന് കരുതുന്ന തരത്തിലേയ്‌ക്ക് സമൂഹം അധഃപ്പതിച്ചിരിക്കുന്നു. നിരവധി രാജ്യാന്തര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ച ഒരു നടനെ കുറിച്ചാണ് നിങ്ങൾ പറയുന്നത്. രാഷ്‌ട്രീയത്തിന്‍റെ നിലവാരം താഴുന്നു. ഇത് വളരെ സങ്കടകരമാണ്.' -ഊർമിള മണ്ഡോദ്‌കര്‍ പറഞ്ഞു.