ബെംഗളുരു: ബെംഗളൂരുവിൽ ബംഗ്ലാദേശ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ട് പ്രതികളെ പൊലീസ് വെടിവച്ചിട്ടു. കേസിൽ രണ്ട് സ്‌ത്രീകൾ ഉൾപ്പടെ 6 പേരെ രാമമൂർത്തി നഗർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാഗർ, മുഹമ്മദ് ബാബ, ഷെയ്ഖ്, റിഡായ് ബാബു എന്നിവരാണ് കേസിലെ മുഖ്യ പ്രതികൾ. ഇവരെ രാവിലെ കനക നഗറിനടുത്തുള്ള ചന്നസന്ദ്രയിൽ വിചാരണ ചെയ്യാൻ കൊണ്ടുപോകുമ്പോഴാണ് പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. തുടർന്ന് സ്വയം പ്രതിരോധത്തിനായി പൊലീസ് വെടിയുതിർക്കുകയായിരുന്നു.
അനധികൃതമായി ഇന്ത്യയിലെത്തി ബെംഗളൂരുവിലെ രാമമൂർത്തി നഗറിലെ എൻആർഐ കോളനിയിൽ താമസിച്ചുവരികയായിരുന്നു ഇവർ. യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ പകർത്തുകയും വീഡിയോ വൈറലായതിനെത്തുടർന്ന് അസം പൊലീസ് നടത്തിയ അന്വേഷണത്തിൽ പീഡന വിവരം പുറത്തറിയുകയും ചെയ്തു. ലൈംഗികാതിക്രമം, ബലാത്സംഗം, ഫോറിനേഴ്സ് ആക്ട്, ഐടി നിയമം വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരിക്കേറ്റ റിഡായ് ബാബു, സാഗർ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരയായ പെൺകുട്ടിക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്.
കൂടുതൽ വായിക്കാന്‍: ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിച്ചു; നാല് പേർ അറസ്റ്റിൽ