ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയുടെ സ്‌കൂട്ടറിന്‍റെ നമ്പര്‍ പ്ലേറ്റില്‍ സെക്‌സ് എന്ന പദം കയറിക്കൂടിയ സംഭവത്തില്‍ വനിത കമ്മിഷന്‍റെ ഇടപെടല്‍. യുവതിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉടന്‍ മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് വനിത കമ്മിഷന്‍ ഡല്‍ഹി ആര്‍ടിഒക്ക് നോട്ടീസ് അയച്ചു.
പുതുതായി വാങ്ങിയ സ്‌കൂട്ടറിലെ നമ്പര്‍ പ്ലേറ്റ് മൂലം ബുദ്ധിമുട്ടിലായ യുവതിയെ കുറിച്ച് വാര്‍ത്ത വന്നതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. എസ്ഇഎക്‌സ് സീരിസിലുള്ള നമ്പറാണ് യുവതിക്ക് ലഭിച്ചത്. ഡല്‍ഹിയില്‍ ഇരുചക്ര വാഹനങ്ങളെ സൂചിപ്പിക്കാന്‍ എസ് എന്ന അക്ഷരമാണ് ഉപയോഗിക്കുന്നത്. ഇഎക്‌സ് എന്നത് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് പിന്തുടരുന്ന സീരിസാണ്.
വിഷയത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊണ്ട് യുവതി വനിത കമ്മിഷനെ സമീപിക്കുകയായിരുന്നു. പുതിയ സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ ആളുകളുടെ കളിയാക്കലുകളും പരിഹാസങ്ങളും നേരിടേണ്ടി വരുന്നെന്നും വീടിന് പുറത്തിറങ്ങാനാകുന്നില്ലെന്നും യുവതി പരാതി പറഞ്ഞിരുന്നു.
യുവതിയുടെ നമ്പർ പ്ലേറ്റിന്‍റെ സീരിസിലുള്ള മുഴുവന്‍ വാഹനങ്ങളുടെയും എണ്ണത്തെ കുറിച്ച് അറിയിക്കാന്‍ ഗതാഗത വകുപ്പിനോട് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം വകുപ്പിന് ലഭിച്ച സമാന പരാതികളുടെയും വിശദാംശങ്ങളും കമ്മീഷൻ തേടിയിട്ടുണ്ട്. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് നാല് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വനിത കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.