ജയ്‌പൂർ : രാജസ്ഥാനിലെ ദീദ്വാന-കുചമാൻ ജില്ലയിൽ വാൻ ബസുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. ഖുൻഖുന പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബന്തടി ഗ്രാമത്തിന് സമീപം ശനിയാഴ്‌ച വൈകുന്നേരമാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സിക്കറിൽ നിന്ന് നാഗൗറിലേക്ക് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വാനിൽ യാത്ര ചെയ്‌തവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ ആദ്യം ബംഗാർ ആശുപത്രിയിലേക്കാണ് മാറ്റിയത്. പരിക്ക് ഗുരുതരമായതിനാൽ ഇവരെ ജയ്‌പൂരിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം അപകടത്തിന് പിന്നിലെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഡിഎസ്‌പി ധരംചന്ദ് ബിഷ്‌നോയ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.