ഉത്തര്‍പ്രദേശ് : കോളജിലേയ്‌ക്ക് പോകുന്ന വഴി അയല്‍വാസി കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്‌തതിനെ തുടര്‍ന്ന് മനം നൊന്ത് 17കാരി ആസിഡ് കുടിച്ചു. ഉത്തര്‍പ്രദേശിലെ മൊറാബാദ്‌സ ജില്ലയിലാണ് സംഭവം. ആത്മഹത്യയ്‌ക്ക് ശ്രമിച്ച പെണ്‍കുട്ടി കഴിഞ്ഞ ഏഴുദിവസമായി ജീവനുവേണ്ടി പോരാടുകയാണ്.
കഴിഞ്ഞ ഓഗസ്റ്റ് 22 ന് രാത്രി ഏകദേശം 11 മണിയോടെയാണ് പെണ്‍കുട്ടി ആസിഡ് കുടിച്ചത്. ഉടന്‍ തന്നെ കുട്ടിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് കുട്ടിയെ പക്ക്ബറയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും തമ്മിൽ വിവാഹവുമായി ബന്ധപ്പെട്ട് ചില സംഭാഷണങ്ങൾ നടന്നിരുന്നുവെന്നും എന്നാൽ അല്‍പ സമയം കഴിഞ്ഞപ്പോള്‍ കാര്യങ്ങൾ വഷളാകുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിയ്‌ക്കെതിരെ ഉചിതമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് സൂപ്രണ്ട് അഖിലേഷ് ഭഡോറിയ വ്യക്തമാക്കി.