ഇന്‍ഡോര്‍(മധ്യപ്രദേശ്) : ഏഴ് വയസുകാരിയെ പിടിച്ചുകൊണ്ടുപോയി അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നടുക്കുന്ന സംഭവം. പുറത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രതി സദ്ദാം തട്ടിയെടുത്ത് തന്‍റെ വീട്ടിലേയ്‌ക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്.
വീടിന്‍റെ അകത്തുനിന്നും പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ പ്രദേശവാസികള്‍ പെണ്‍കുട്ടിയെ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ നടത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്രദേശവാസികള്‍ വീടിന്‍റെ വാതില്‍ ബലമായി തുറന്നപ്പോഴാണ് കുട്ടിയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഒന്നിലധികം തവണ കുത്തേറ്റതിനെ തുടര്‍ന്ന് കുട്ടി തല്‍ക്ഷണം മരണത്തിന് കീഴടങ്ങി.
പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് സദ്ദാമിനെ അറസ്റ്റ് ചെയ്‌തു. ഇയാള്‍ 25 കാരനും മാനസിക വെല്ലുവിളി നേരിടുന്നയാളുമാണെന്നും ടൗണ്‍ ഇന്‍സ്‌പെക്‌ടര്‍ ഇന്ദ്രേഷ് ത്രിപാഠി പറഞ്ഞു. ഇയാള്‍ മറ്റൊരു കേസിലും പ്രതിയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതിക്കെതിരെ ഉചിതമായ വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികള്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഈ കുട്ടിയുടെ അമ്മ മരിച്ചതാണെന്നും അച്ഛനോടൊപ്പം കഴിയുകയായിരുന്നുവെന്നും ഇന്ദ്രേഷ് ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു.