ലഖ്‌നൗ: ഉത്തർപ്രദേശിൽ പുതിയ മതപരിവർത്തന വിരുദ്ധ നിയമപ്രകാരം ഏഴ് പേർ അറസ്റ്റിൽ. സീതാപൂർ ജില്ലയിൽ ഒരു ഹിന്ദു പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ കേസിലാണ് പൊലീസ് മതപരിവർത്തന വിരുദ്ധ നിയമ പ്രകാരം കേസ് എടുത്തത്. നവംബർ 24 നാണ് കേസിന് ആസ്‌പദമായ സംഭവം.
മകളെ കാണാനില്ല എന്ന് കാണിച്ച് പെണ്‍കുട്ടിയുടെ അമ്മയാണ് പൊലീസിന് പരാതി നൽകിയത്. കേസിലെ ഒന്നാം പ്രതിയായ ജബ്രേലിനെയും പെണ്‍കുട്ടിയെയും ഒരേ ദിവസം കാണാതാവുകയായിരുന്നു. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് സൂപ്രണ്ട് രാജീവ് ദീക്ഷിത് അറിയിച്ചു. ജബ്രേലിന്‍റെ സഹോദരൻ ഉൾപ്പടെ ഉള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഈ വർഷം നവംബർ 28 നാണ് മതപരിവർത്തന വിരുദ്ധ നിയമ ഓർഡിനൻസിൽ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ ഒപ്പ് വെച്ചത്. ഈ നിയമ പ്രകാരം നിർബദ്ധിത മതപരിവർത്തനം നടത്തുന്നവർക്ക് 50000 രൂപ പിഴയും 10 വർഷം വരെ തടവ് ശിക്ഷയും ലഭിക്കാം.