സേവാഗ്രാം : ''ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കാതെ സബർമതിയിലേക്ക് മടങ്ങരുത്.'' 1882 ലെ ബ്രിട്ടീഷ് ഉപ്പുനിയമത്തിനെതിരായി, 1930 മാർച്ച് 12 ന് സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡി യാത്രയ്‌ക്കായി പുറപ്പെടുമ്പോൾ മഹാത്മ ഗാന്ധി മനസില്‍ക്കുറിച്ച ഉറച്ച തീരുമാനമായിരുന്നു. ഉപ്പിന് കനത്ത നികുതി ചുമത്തുകയും പൗരന്മാര്‍ ഉപ്പ് ശേഖരിക്കുകയോ വിൽക്കുകയോ ചെയ്യുന്നതിനെ തടയുകയും ചെയ്‌ത നിയമത്തിനെതിരെ 78 അനുഭാവികളുമായി ഗാന്ധി തന്‍റെ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു.
1930 ഏപ്രിൽ ആറിന് ദണ്ഡിയിൽ ഉപ്പുണ്ടാക്കി ഗാന്ധി നിയമം ലംഘിച്ചു. ഇതേതുടര്‍ന്ന്, 1930 ഏപ്രിൽ ആറിന് അർധരാത്രിയിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിട്ടും രാജ്യമെമ്പാടും ഈ പ്രതിഷേധം വ്യാപിച്ചുകഴിഞ്ഞിരുന്നു. ആയിരക്കണക്കിന് അറസ്റ്റുകൾ കണ്ട പ്രക്ഷോഭം ഗാന്ധി ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതുവരെ തുടർന്നു. രണ്ട് വർഷത്തെ ജയിൽവാസത്തിന് ശേഷം ഗാന്ധിജി പുറത്തുവന്നപ്പോൾ, സ്വാതന്ത്ര്യസമരത്തിന്‍റെ പ്രഭവകേന്ദ്രമായി ഒരു ഗ്രാമം നിർമിക്കാൻ അദ്ദേഹം തീരുമാനിച്ചു.
ആശ്രമത്തിനായി ജംനലാൽ ബജാജിന്‍റെ ഇടപെടല്‍
ഇന്ത്യ സ്വാതന്ത്ര്യം കൈവരിച്ച ശേഷം മാത്രമേ സബർമതിയിലേക്ക് മടങ്ങുകയുള്ളുവെന്ന ഗാന്ധി തീരുമാനിച്ചതിനാല്‍ അദ്ദേഹത്തെ എവിടെ പാർപ്പിക്കണമെന്ന് സഹായികൾ ആലോചിച്ചു. ഗാന്ധിയുടെ അടുത്ത സഹായിയായ ജംനലാൽ ബജാജ്, ഇന്നത്തെ വാർധയായ പാലക്‌വാടിയിൽ ഒരു സ്ഥലം നിർദേശിച്ചു. തുടര്‍ന്ന്, ഗാന്ധി സേവാഗ്രാം മാർഗിലെ ആദ്യത്തെ സത്യാഗ്രഹി ആശ്രമത്തിൽ താമസം ആരംഭിച്ചു.
"ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ രാജ്യം മുഴുവൻ സഞ്ചരിച്ച ശേഷം, ഗാന്ധിജി രാജ്യം ബ്രിട്ടീഷുകാരില്‍ നിന്നും മോചനം ലഭിക്കുന്നതുവരെ സബർമതിയിലേക്ക് മടങ്ങേണ്ടെന്ന് തീരുമാനിച്ചു. ഇതിനുശേഷം, ഗാന്ധിജിയെ എവിടെയാണ് പാർപ്പിക്കേണ്ടതെന്ന് ചർച്ചകൾ ആരംഭിച്ചു. ആ സമയത്ത്, ജംനലാൽ ബജാജ് വാർധയിൽ ഒരു സ്ഥലം നിർദ്ദേശിച്ചു. ഈ സ്ഥലത്തിന്‍റെ പ്രാധാന്യം അദ്ദേഹം ഗാന്ധിജിയെ ബോധ്യപ്പെടുത്തി." നായ് താലിം സേവാഗ്രാം ആശ്രമത്തിലെ ഡോ. ഡോ. ശിവചരൺ ടാക്കൂർ പറഞ്ഞു.
1935 ജനുവരിയിൽ അദ്ദേഹം മഗൻവാടിയിൽ താമസിച്ചു. പക്ഷേ, ശാന്തമായ ഒരു സ്ഥലമാണ് ഗാന്ധി ഇഷ്‌ടപ്പെട്ടത്. തുടര്‍ന്ന്, സേവാഗ്രാം വാസസ്ഥലമായി മാറി. 1936 ഏപ്രിൽ 30 നാണ് ഗാന്ധി ആദ്യമായി സേവാഗ്രാം ആശ്രമം സന്ദർശിച്ചത്. ആദ്യ സന്ദർശന വേളയിൽ ഗാന്ധി അഞ്ച് ദിവസം പേരക്ക തോട്ടത്തിനടുത്ത് ഒരു കുടിലിലാണ് താമസിച്ചത്.
ആദി നിവാസ് സ്ഥാപിച്ച് മീരാ ബെനും ബൽവാന്ത് സിങും
പഴയ സേവാഗ്രാം ആശ്രമത്തിൽ ഒരു കുടിൽ പോലുമുണ്ടായിരുന്നില്ല. നിർമാണത്തിന് 100 രൂപയിൽ കൂടുതൽ ചെലവുവരാത്ത ഒരു കുടിലായിരുന്നു ഗാന്ധിയ്‌ക്ക് ഇഷ്‌ടം. തദ്ദേശീയ വിഭവങ്ങളും പ്രാദേശിക തൊഴിലാളികളെയുമാണ് കുടിൽ പണിയുന്നതിനായി ഗാന്ധി ഉള്‍പ്പെടുത്തിയത്. 1936 മെയ് അഞ്ചിന് ഖാദി യാത്രയ്ക്ക് പോയ ഗാന്ധി 1936 ജൂൺ 16 ന് തിരിച്ചെത്തി.
ഗ്രാമവാസികളുടെ സഹായത്തോടെ മീരാ ബെനും ബൽവാന്ത് സിങും ഒന്നര മാസത്തിനുള്ളിൽ ആദി നിവാസ് സ്ഥാപിച്ചു. അതിന്‍റെ നിർമാണ ചെലവ് 499 രൂപ ആയതിനാൽ ഗാന്ധി നിരാശനായി. എന്നിരുന്നാലും, ജംനലാൽ ബജാജ് അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും 1937 അവസാനത്തോടെ ഗാന്ധി, മീര ബെൻ താമസിക്കുന്ന ആ കുടിലിലേക്ക് മാറുകയും ചെയ്തു. ഇത് പിന്നീട് ബാപ്പു കുടി എന്ന പേരിൽ പ്രസിദ്ധമായി.
ചെറിയ കുടിൽ പിന്നീട് വികസിപ്പിച്ച് ചികിത്സ കേന്ദ്രവും കുളിമുറിയും നിർമിച്ചു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട യോഗങ്ങളുടെപ്രധാന കേന്ദ്രമായി ഇവിടെ മാറി. ഗാന്ധിയ്‌ക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് ജംനലാല്‍ ബജാജ് അദ്ദേഹത്തിന് ഒരു പ്രത്യേക കുടിൽ പണിതു. ഗാന്ധിയുടെ ആശയങ്ങൾ അനശ്വരമായതിനൊപ്പം അദ്ദേഹം ഉപയോഗിച്ച വസ്‌തുക്കളും ഇപ്പോഴും ആദരവോടെ സൂക്ഷിച്ചിരിക്കുകയാണ് സേവാഗ്രാമില്‍.
ഗാന്ധി എല്ലാ മതഗ്രന്ഥങ്ങളും വായിക്കാറുണ്ടായിരുന്നു. സേവാഗ്രാം ആശ്രമത്തിലെ ഒരു ചെറിയ അലമാരയ്ക്കുള്ളിൽ ഗാന്ധി ഉപയോഗിച്ച രാമായണത്തിന്‍റെയും ബൈബിളിന്‍റെയും ഖുർ ആനിന്‍റെ യും കോപ്പികള്‍ കാണാന്‍ കഴിയും. 'തിന്മ കാണരുത്, തിന്മ കേൾക്കരുത്, തിന്മ പറയരുത്' എന്ന ഗാന്ധിയുടെ തത്വത്തെ പ്രതിനിധാനം ചെയ്യുന്ന മൂന്ന് ജ്ഞാന ശില്‍പങ്ങൾ ഇപ്പോഴും അവിടെ വിശ്രമിക്കുന്നു. അതുപോലത്തന്നെ, ഇന്ത്യൻ തുണിത്തരം, ചർക്ക, സൂചി നൂൽ എന്നിവയും കാണാം.
മുദ്രാവാക്യവും തീരുമാനമാനങ്ങളും പിറവികൊണ്ട സേവാഗ്രാം
ജപമാല, തടികൊണ്ടുള്ള ട്രോഫി, മാർബിൾ പേപ്പർ വെയ്റ്റ്, പെബിൾ പേപ്പർ വെയ്റ്റുകൾ, പല്ലുക്കുത്തി, കോളാമ്പി, പേന, പെൻസിൽ തുടങ്ങിയ ഗാന്ധി ഉപയോഗിച്ച മറ്റുവസ്‌തുക്കളും ഇവിടെ മൂല്യത്തോടെ സുക്ഷിച്ചിട്ടുണ്ട്. മുൻ ഗവർണർ ജനറലും ഇന്ത്യൻ വൈസ്രോയിയുമായിരുന്ന ലിൻലിത്ത്ഗോ പ്രഭു ഗാന്ധിയുടെ കുടിലിൽ ഒരു ഹോട്ട്‌ലൈൻ ഫോൺ സ്ഥാപിച്ചു. ഇത് അദ്ദേഹത്തിന്‍റെ ആശയവിനിമയം എളുപ്പമാക്കി. ബ്രിട്ടീഷുകാരെ ഇന്ത്യ വിടാൻ പ്രേരിപ്പിച്ചതും സ്വാതന്ത്ര്യസമരകാലത്ത് ആഴത്തിൽ പ്രതിധ്വനിച്ചതുമായ 'ഭാരത് ഛോഡോ' എന്ന മുദ്രാവാക്യം ആദ്യമായി സേവാഗ്രാം ആശ്രമത്തിലാണ് മുഴങ്ങിയത്.
1942 ജൂലൈ ഒമ്പതിന് സേവാഗ്രാമിൽ നടന്ന പ്രസക്തമായ ചർച്ചയിൽ, യൂസുഫ് മെഹറല്ലി നിര്‍ദേശിച്ച 'ഭാരത് ഛോഡോ' എന്ന മുദ്രാവാക്യം ഉപയോഗിയ്‌ക്കുകയായിരുന്നു. 'ഇന്ത്യ വിടുക' എന്ന മുദ്രാവാക്യവും യൂസുഫാണ് മുന്നോട്ടുവച്ചത്. "സ്വാതന്ത്ര്യ സമരത്തിന്‍റെ പ്രധാന തലസ്ഥാനമായി സേവാഗ്രാം മാറി. എല്ലാ സുപ്രധാന തീരുമാനങ്ങളും ഇവിടെ നിന്നാണ് എടുത്തത്. പ്രമുഖ നേതാക്കളും ഗാന്ധിജിയെ കാണാനും ബാപ്പുവിന്‍റ മാർഗനിർദേശം തേടാനും സേവാഗ്രാമിൽ വരാറുണ്ടായിരുന്നു". ആനന്ദ് നികേതന്‍ സേവാഗ്രാമിലെ വിദ്യാർഥി നാത്തുജി ചവാൻ പറഞ്ഞു.
രേഖകൾ പ്രകാരം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടശേഷം ഗാന്ധി സേവാഗ്രാം ആശ്രമത്തിലേക്ക് മടങ്ങി. സേവാഗ്രാം ആശ്രമത്തിലുണ്ടായ സംഭവവികാസങ്ങൾക്ക് ഇന്ത്യൻ ചരിത്രത്തിലും സ്വാതന്ത്ര്യ സമരത്തിലും ആഴത്തിലുള്ള മുദ്രകളുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ മനുഷ്യത്വരഹിത ചങ്ങലകളിൽ നിന്ന്, വർഷങ്ങളോളം നടത്തിയ പോരാട്ടത്തിലൊടുവിലാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. അതുകൊണ്ടുതന്നെ, ഈ ആശ്രമം സന്ദർശിക്കുന്ന ഓരോ പൗരനും ആത്മാഭിമാനത്താല്‍ ശിരസ്സുയരും.
ALSO READ: ഷോപ്പിയാനില്‍ വെടിവെപ്പ്; ഭീകരനെ വധിച്ചു