ന്യൂഡൽഹി: സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിന് കേന്ദ്ര സർക്കാരിന്‍റെ അനുമതി തേടാനൊരുങ്ങി അധികൃതർ. ഇതിനായുള്ള നടപടികൾ രണ്ടാഴ്‌ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് സിറം അധികൃതർ അറിയിച്ചു. ഓക്‌സ്‌ഫോഡ് സർവകലാശാല അസ്‌ട്രസെനകയുമായി ചേർന്നാണ് കൊവിഷീൽഡ് വാക്‌സിൻ പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുകയും ഗവേഷകരുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അനുമതി സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനാവാല വ്യക്തമാക്കി.
അടുത്തവര്‍ഷം ജൂലൈയോടെ 300 മുതല്‍ 400 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിന്‍റെ പരീക്ഷണം അന്തിമഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലെ വാക്‌സിൻ കേന്ദ്രങ്ങൾ കഴിഞ്ഞ ശനിയാഴ്‌ച പ്രധാനമന്ത്രി സന്ദർശിച്ചത്.