ന്യൂഡൽഹി : സെപ്റ്റംബർ മുതൽ ഇന്ത്യയിൽ സ്‌പുട്‌നിക് വി വാക്‌സിൻ ഉത്പാദിപ്പിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്. റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടുമായി (ആർഡിഐഎഫ്) ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുക. രാജ്യത്ത് പ്രതിവർഷം 300 ദശലക്ഷം ഡോസ് വാക്‌സിൻ ഉത്പാദിപ്പിക്കാനാണ് കമ്പനികൾ ലക്ഷ്യം വയ്ക്കുന്നത്.
ഉയർന്ന ഫലപ്രാപ്‌തിയും സുരക്ഷയുമുള്ള സ്‌പുട്‌നിക് വാക്‌സിൻ കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല പറഞ്ഞു. ആർഡിഎഫുമായി ചേരാന്‍ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
കൊവിഡ് മൂലമുള്ള അനിശ്ചിതിത്വം കണക്കിലെടുത്ത് അന്താരാഷ്‌ട്ര സ്ഥാപനങ്ങളും സർക്കാരുകളും സംയുക്തമായി നടത്തുന്ന പോരാട്ടം ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക; രോഗ ബാധിതര്‍ 21 ആയി
ടെക്‌നോളജി ട്രാൻസ്‌ഫറിന്‍റെ ഭാഗമായി ഗമാലേയ സെന്‍ററിൽ നിന്നും സെൽ, വെക്‌ടർ സാമ്പിളുകൾ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഇതിനകം ലഭിച്ചിട്ടുണ്ട്. ഇവയുടെ ഇറക്കുമതി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകരിച്ചതോടെ ഉത്‌പാദന പ്രക്രിയയും ആരംഭിച്ചു.
സ്‌പുട്‌നിക് വിയുടെ പ്രമുഖ ഉത്‌പാദന കേന്ദ്രമായ ഇന്ത്യയിൽ, റഷ്യൻ വാക്‌സിൻ നിര്‍മിക്കുന്നതിനായി, ഗ്രാന്‍റ് ഫാർമ, ഹെറ്റെറോ ബയോഫാർമ, പനേഷ്യ ബയോടെക്, സ്റ്റെലിസ് ബയോഫാർമ, വിർചോ ബയോടെക്, മോറെപെൻ തുടങ്ങിയ ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി ആർഡിഎഫ് നേരത്തെ ധാരണയിലെത്തിയിരുന്നു.
നിലവിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ്, കൊവാക്‌സിന്‍ എന്നിവ നിർമിക്കുകയും യുകെയിൽ കോഡജെനിക്‌സിന്‍റെ പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. 97.6 ശതമാനം ഫലപ്രാപ്‌തിയുള്ള സ്‌പുട്‌നിക് വി വാക്‌സിൻ ആഗോളതലത്തിൽ 67 രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്.